KOYILANDY DIARY.COM

The Perfect News Portal

നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു

കണ്ണൂര്‍: എരിപുരത്ത് കെ.എസ്.ടി.പി റോഡില്‍ നിയന്ത്രണം വിട്ട ലോറി കെട്ടിടത്തിലേക്ക് ഇടിച്ചു കയറി ഡ്രൈവര്‍ മരിച്ചു. ലോറി ഡ്രൈവര്‍ തമിഴ്നാട് തിരിപ്പൂര്‍ സ്വദേശി മുത്തു (26) ആണ് മരിച്ചത്. പിലാത്തറ – പാപ്പിനിശ്ശേരി കെ.എസ്.ടി.പി. റോഡില്‍ എരിപുരം സര്‍ക്കിളില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് അപകടം. നാഷനല്‍ പര്‍മിറ്റ് ലോറി നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു. കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിക്കുകയായിരുന്നു.

മംഗലാപുരത്ത് നിന്ന് ത്രിച്ചിനാപ്പള്ളിയിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന തമിഴ്നാട് റജിസ്ട്രേഷനിലുള്ള ടി.എന്‍ 37. ബി.വൈ 6699 നമ്ബര്‍ ലോറിയാണ് അമിതവേഗതയില്‍ നിയന്ത്രണം വിട്ട് അപകടം വിതച്ചത്. ഡ്രൈവര്‍ മാത്രമാണ് ലോറിയിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തില്‍ എരിപുരം കെ.വി. ഹസ്സന്‍ ഹാജിയുടെ കെട്ടിടമാണ് തകര്‍ന്നത്. സമീപത്തെ കെ. ഭാര്‍ഗ്ഗവന്‍െറ ഉടമസ്ഥതയിലുള്ള ബിന്ദു ഹോട്ടലും ഭാഗികമായി തകര്‍ന്നു. മുന്‍വശം പൂര്‍ണമായി തകര്‍ന്ന ലോറിയില്‍നിന്ന് ഒരു മണിക്കൂറിലേറെ സമയമെടുത്താണ് ഡ്രൈവറുടെ മൃതദേഹം പുറത്തെടുത്തത്.

പഴയങ്ങാടി പൊലീസ് ഇന്‍സ്പെക്ടര്‍ ഇ. ജയചന്ദ്രന്‍, എസ്.ഐ.കെ.ജെ മാത്യു, സി.ഐ. എസ് ഷാജി, ഏഴോം പഞ്ചായത്ത് പ്രസിഡന്‍റ് പി. ഗോവിന്ദന്‍, വാര്‍ഡ് അംഗം ജസിര്‍ അഹമ്മദ്, ഇന്‍സ്പെക്ടര്‍ രാജിെന്‍റ നേതൃത്വത്തിലെ ഫയര്‍ഫോഴ്സ് വിഭാഗം, നാട്ടുകാര്‍, ഏഴോം പഞ്ചായത്തധികൃതര്‍ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ത്തീകരിച്ചത്. ഒന്നര മണിക്കൂറിനകം ഗതാഗതം പുനഃസ്ഥാപിച്ചു. കെ.എസ്.ടി.പി റോഡിലെ പ്രധാന നാല്‍ക്കവലയായ എരിപുരം സര്‍ക്കിളില്‍ വെളിച്ചമില്ലാത്തത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റോഡില്‍ വെളിച്ചമില്ലാത്തതും വീതി കുറവായതുമാണ് വാഹനങ്ങള്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പെടുന്നതിന് കാരണമാകുന്നതായി നാളുകളായി ആക്ഷേപമുണ്ട്.

Advertisements

തമിഴ്നാട് തിരുപ്പൂര്‍ അവിനാശ് പ്രദേശത്തെ ചിന്നദുരെ – പെരിയമ്മ ദമ്ബതികളുടെ മകനാണ് മുത്തു. സഹോദരി: കിര്‍ത്തി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം തിരുപ്പൂര്‍ അവിനാശിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Share news

Leave a Reply

Your email address will not be published. Required fields are marked *