ജനുവരി 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും
കണ്ണൂര്‍: പൗരത്വ നിയമഭേദഗതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ 30ന് യുഡിഎഫ് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകുന്നേരം 4.30 മണിക്ക് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ യുഡിഎഫ് മനുഷ്യഭൂപടം തീര്‍ക്കും. 3000 പേര്‍ മനുഷ്യഭൂപടത്തില്‍ അണിനിരക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ പ്രൊഫ. എ ഡി മുസ്തഫയും കണ്‍വീനര്‍ വി കെ അബ്ദുള്‍ ഖാദര്‍ മൗലവിയും വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ചങ്കുറപ്പോടെ ഭാരതം, ഒരുക്കാം ഒരുമയുടെ ഭൂപടം എന്ന മുദ്രാവാക്യവുമായാണ് മനുഷ്യഭൂപടം തീര്‍ക്കുക. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കെ സുധാകരന്‍ എം പി, എംഎല്‍എമാരായ കെ സി ജോസഫ്, അഡ്വ. സണ്ണി ജോസഫ്, കെഎം ഷാജി എന്നിവരും വിവിധ മത നേതാക്കളും സംസാരിക്കും. യുഡിഎഫിനു പുറത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ പ്രതിനിധികളേയും പരിപാടിയില്‍ പങ്കെടുപ്പിക്കും.

ദേശീയപതാകയുടെ നിറങ്ങളിലുള്ള തൊപ്പികള്‍ ധരിച്ചാണ് ഇന്ത്യാ ഭൂപടത്തിന്റെ ആകൃതിയില്‍ പ്രവര്‍ത്തകര്‍ അണിനിരക്കുക. ഭൂപടത്തിനു ചുറ്റുമായി ദേശീയ പതാകകള്‍ വീശി പ്രവര്‍ത്തകര്‍ അഭിവാദ്യമര്‍പ്പിക്കും. മനുഷ്യ ഭൂപടത്തില്‍ അണിനിരക്കുന്നവര്‍ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കും.വിപുലമായ തയ്യാറെടുപ്പുകളാണ് മനുഷ്യഭൂപട പരിപാടിയുമായി ബന്ധപ്പെട്ട് നടത്തി വരുന്നത്. ഒരു കോടി കത്തുകള്‍ സംസ്ഥാനത്തു നിന്ന് രാഷ്ട്രപതിക്കയക്കാനാണ് യുഡിഎഫ് തീരുമാനം.

