KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ പോക്സൊ കോടതി ജൂണിൽ പ്രവർത്തനമാരംഭിക്കും

കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുവദിച്ച പോക്സൊ കോടതി ജൂൺ ആദ്യവാരത്തോടെ ആരംഭിക്കാനാകുമെന്ന് കെ. ദാസൻ എം.എൽ.എ അറിയിച്ചു. സംസ്ഥാനത്താകെ അനുവദിച്ച 28 പോക്സൊ കോടതികളിൽ കോഴിക്കോട് ജില്ലയിലേക്കായി അനുവദിച്ച രണ്ടെണ്ണത്തിലൊന്നാണ്  കൊയിലാണ്ടിയിലേത്.  മറ്റൊന്ന് കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലാണ് പ്രവർത്തനമാരംഭിക്കുക. 
നിലവിൽ സബ്കോടതി, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവ പ്രവർത്തിച്ചു വരുന്ന  കൊയിലാണ്ടിയിൽ പോക്സോ കോടതി കൂടി വരുന്നതോടെ കോടതികൾ മൂന്നാവുകയാണ്. എം.എൽ.എ ഫണ്ടിൽ നിന്നും നിർമ്മിച്ച തെക്കുഭാഗത്തുള്ള  കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുക.  കോടതി ഹാളിൽ ഡയസ്സും മറ്റ് ഫർണീച്ചറുകൾ ഒരുക്കുന്നതിനായും സിഡ്കൊയെയും പൊതുമരാമത്ത് കെട്ടിടവിഭാഗത്തെയും ചുമതലകൾ ഏൽപ്പിച്ചു കഴിഞ്ഞു.  പ്രവൃത്തികൾ മെയ് 30 നകം വേഗത്തിൽ പൂർത്തീകരിക്കാനാണ് നിർദ്ദേശമെങ്കിലും ഒരാഴ്ച കൂടി  വേണ്ടി വരുമെന്നാണ് കരുതുന്നത്.
കോടതി പ്രവർത്തിപ്പിക്കാനാവശ്യമായ സ്റ്റാഫുകളുടെ ക്രമീകരണം പൂർത്തിയായിട്ടുണ്ട്. അഡീഷണൽ ജില്ലാ ജഡ്ജ്, സ്പെഷ്യൽ പബ്ലിക് പ്രൊസിക്യൂട്ടർ ഉൾപ്പെടെ 7 തസ്തികകളാണ് പുതുതായി അനുവദിച്ചത്.  ഗ്രേഡ് 1 ബെഞ്ച് ക്ലർക്ക്, സീനിയർ ക്ലർക്ക്,  കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, പ്യൂൺ തുടങ്ങിയവരാണ് ഉണ്ടാവുക. ഇതിൽ താൽക്കാലികാടിസ്ഥാനത്തിലുള്ള തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജില്ലാ കോടതിയിൽ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.  
 ഉദ്യോഗക്കയറ്റത്തിലൂടെയും അല്ലാതെയുമുള്ള നിയമന പ്രകൃയകൾ എല്ലാം കോടതി ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ പൂർത്തിയാക്കും. ഇപ്പോൾ കോടതിക്ക് മുൻവശം  പുതുതായി നിർമ്മിക്കുന്ന ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തി പുരോഗമിക്കുകയാണ്.  കഴിഞ്ഞ ദിവസം സബ് ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രവൃത്തികൾ വിലയിരുത്തിയതായി എം.എൽ.എ പറഞ്ഞു. മാർച്ച് അവസാനത്തോടെ ആരംഭിക്കാനുദ്ദേശിച്ച പോക്സൊ കോടതി കൊറോണ കാരണമാണ് ആരംഭിക്കാൻ വൈകിയത്. പുതിയ കോടതി കൂടി ആരംഭിക്കുന്നതോടെ കൊയിലാണ്ടി കോടതി സമുച്ചയം തിരക്കുള്ള വ്യവഹാര ഇടമായി മാറും.
Share news

Leave a Reply

Your email address will not be published. Required fields are marked *