KOYILANDY DIARY.COM

The Perfect News Portal

എന്‍.സി.സി കേരള നേവല്‍ യൂണിറ്റിന് പുതിയ ബോട്ട് ഹൗസ്

കോഴിക്കോട്: എന്‍.സി.സി 9 കേരള നേവല്‍ യൂണിറ്റിന് ഏറെ വൈകാതെ പുതിയ ബോട്ട് ഹൗസ് ഒരുങ്ങുകയായി. ബോട്ട് ഹൗസിൻ്റെ ശിലാ സ്ഥാപനവും അപ്രോച്ച്‌ റോഡിൻ്റെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യസ വകുപ്പു മന്ത്രി ഡോ.കെ.ടി. ജലീല്‍ നിര്‍വഹിച്ചു.

ദേശീയ നിലവാരത്തിലുള്ള ബോട്ട് ഹൗസ് പൂര്‍ത്തീകരിക്കുന്നതോടെ നേവല്‍ കേഡറ്റുകള്‍ക്ക് മികച്ച പരിശീലനം നല്‍കാന്‍ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി നാവിക സേനയിലേക്ക് സംസ്ഥാനത്തെ കൂടുതല്‍ കുട്ടികള്‍ക്ക് അവസരവും ലഭിക്കും. ബോട്ട് ഹൗസ് നിര്‍മ്മാണത്തിനായി 6.25 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. 1.50 കോടി രൂപ ഉപയോഗിച്ചാണ് അപ്രോച്ച്‌ റോഡ് നിര്‍മ്മാണം, ഫെന്‍സിംഗ് എന്നിവ പൂര്‍ത്തീകരിച്ചത്.

മലബാര്‍ മേഖലയില്‍ കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട 1700 നേവല്‍ കേഡറ്റുകളെ സൗജന്യമായി ഓരോ വര്‍ഷവും ഇവിടെ പരിശീലിപ്പിക്കാന്‍ കഴിയും. ഇന്ത്യന്‍ നേവിയുടെ പ്രാഥമിക പരിശീലനം, നീന്തല്‍, കയാക്കിംഗ്, ബോട്ട് പുള്ളിംഗ്, സെയിലിംഗ് എക്‌സ്‌പെഡിഷന്‍, തുഴയല്‍ പരിശീലനം, സര്‍ഫിംഗ്, സ്‌കൂബാ ഡൈവിംഗ്, യാച്ചിംഗ്, കാനോയിംഗ് തുടങ്ങിയ ജലത്തിലെ സാഹസിക പരിശീലനവും ബോട്ട് ഹൗസില്‍ വച്ച്‌ കേഡറ്റുകള്‍ക്ക് നല്‍കും.

Advertisements

വെങ്ങാലി ബോട്ട് ജെട്ടിയില്‍ ഒരുക്കിയ ചടങ്ങില്‍ എം.കെ രാഘവന്‍ എം.പി, കോര്‍പ്പറേഷന്‍ മേയര്‍ ഡോ.ബീന ഫിലിപ്പ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവു, വാര്‍ഡ് കൗണ്‍സിലര്‍ ഒ.പി ഷിജിന, കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ എ. വൈ രാജന്‍, എന്‍.സി.സി അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മന്‍ദീപ് സിംഗ് ഗില്‍, പൊതുമരാമത്ത് കെട്ടിടവിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ കെ. ലേഖ, 9 കേരള കമാന്‍ഡിംഗ് ഓഫീസര്‍ കമാന്‍ഡര്‍ എം.പി രമേഷ്, മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മൂന്ന് നിലകളിലായി 1134 ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ബോട്ട് ഹൗസ് കെട്ടിടം ഉയരുക. പൊതുമരാമത്ത് വകുപ്പ് ആര്‍ക്കിടെക്ചറല്‍ വിഭാഗമാണ് കെട്ടിടത്തിന്റെ രൂപകല്പന നിര്‍വഹിച്ചത്. കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ റാമ്ബ് ഉള്‍പ്പെടെ ബോട്ട് പാര്‍ക്കിംഗും പെണ്‍കുട്ടികള്‍ക്കായുള്ള ഡോര്‍മറ്ററി, കിച്ചണ്‍, ശൗചാലയങ്ങള്‍, കാര്‍ പാര്‍ക്കിംഗ് സൗകര്യം തുടങ്ങിയവയുണ്ടാവും. ഒന്നാം നിലയില്‍ ബോട്ട് ലിഫ്‌റ്റിംഗ് സൗകര്യത്തിനു പുറമെ ആണ്‍കുട്ടികള്‍ക്കായുള്ള ഡോര്‍മിറ്ററി, ശൗചാലയങ്ങള്‍ എന്നിവ ഒരുക്കും. രണ്ടാം നിലയില്‍ ഷിപ്പ് മോഡലിംഗ് വര്‍ക്ക്‌ ഷോപ്പ്, മോഡലിംഗ് സ്റ്റോര്‍, ക്യാമ്ബ് കമാന്‍ഡിംഗ് റസ്റ്റ് റൂം, ക്യാമ്ബ് ഓഫീസ്, ഡെമോണ്‍സ്ട്രേഷന്‍ ഹാള്‍, ഡെപ്യൂട്ടി

കമന്‍ഡാന്റ് ഓഫീസ്, ചീഫ് ഇന്‍സ്ട്രക്ടര്‍ ഓഫീസ്, പെര്‍മനന്റ് ഇന്‍സ്ട്രക്‌ഷന്‍ സ്റ്റാഫ്‌റൂം, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ബാത്ത് റൂം എന്നിവയുണ്ടാവും.

Share news

Leave a Reply

Your email address will not be published. Required fields are marked *