അഭിമന്യു രക്തസാക്ഷി ദിനാചരണ പരിപാടിക്ക് നേരെ എബിവിപി അതിക്രമം

വാഴൂര്‍> അഭിമന്യു രക്തസാക്ഷി ദിനാചരണ പരിപാടിക്ക് നേരെ എബിവിപി അതിക്രമം. ആക്രമണത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്എഫ്ഐ വാഴൂര്‍ കോളേജ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയാണ് എബിവിപിക്കാര്‍ അലങ്കോലമാക്കാന്‍ ശ്രമിച്ചത്.
അനുസ്മരണ പരിപാടി നടക്കുന്ന സമയത്ത് സംഘടിച്ചെത്തിയ എബിവിപി പ്രവര്‍ത്തകര്‍ യോഗത്തിലേക്ക് ഇരച്ചുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു. വാഴൂര്‍ എസ്വിആര് എന്‍എസ്എസ് കോളേജ് കവാടത്തിന് മുന്നിലായിരുന്നു പരിപാടി.

യോഗം തുടങ്ങിയപ്പോള്‍ മുതല്‍ എബിവിപി പ്രവര്‍ത്തകര്‍ പ്രകോപനപരമായി മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. ഉദ്ഘാടനത്തിന് ശേഷം പരിപാടിയിലേയ്ക്ക് എബിവിപി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറുകയും വിദ്യാര്‍ഥികളെ ആക്രമിക്കുകയുമായിരുന്നു.

വിദ്യാര്‍ഥികളെ ആക്രമിച്ച് കോളേജിലെ സമാധാനാന്തരീക്ഷം ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് എബിവിപി നടത്തുന്നതെന്ന് എസ്എഫ്ഐ വാഴൂര്‍ ഏരിയ കമ്മിറ്റി ആരോപിച്ചു.

