KOYILANDY DIARY.COM

The Perfect News Portal

വിസ്മയ കേസ്: കിരണ്‍ ജയിലില്‍ തന്നെ, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

വിസ്മയ കേസ്: കിരണ്‍ ജയിലില്‍ തന്നെ, ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.കൊച്ചി: വിസ്മയ കേസില്‍ ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി കിരണ്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ അപ്പീല്‍ ഹര്‍ജിയില്‍ വിധി വരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യമാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ശിക്ഷ മരവിപ്പിക്കാനാകില്ലെന്നും ജയില്‍വാസം തുടര്‍ന്നുകൊണ്ടുതന്നെ അപ്പീല്‍ നടപടികളുമായി മുന്നോട്ടുപോകണമെന്നും കോടതി വ്യക്തമാക്കി.


നേരത്തെ വിസ്മയ കേസിലെ ശിക്ഷാവിധിക്കെതിരേ കിരണ്‍കുമാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് അപ്പീലില്‍ വിധിവരുന്നതുവരെ ശിക്ഷ മരവിപ്പിക്കണമെന്നും ജയിലില്‍നിന്ന് പുറത്തിറങ്ങണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സ്ത്രീധനപീഡനം കാരണം ബി.എ.എം.എസ്. വിദ്യാര്‍ഥിനി വിസ്മയ ജീവനൊടുക്കിയെന്ന കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിനെ മേയ് 24-നാണ് കോടതി ശിക്ഷിച്ചത്. പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ. അഞ്ചുവകുപ്പുകളിലായി ആകെ 25 വര്‍ഷത്തെ തടവിനാണ് ശിക്ഷിച്ചിരുന്നതെങ്കിലും ശിക്ഷകളെല്ലാം ഒരേകാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ശിക്ഷിക്കപ്പെട്ട കിരണ്‍കുമാര്‍ നിലവില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ തടവുകാരനാണ്.

കൊല്ലം പോരുവഴിയിലെ ഭര്‍ത്തൃവീട്ടില്‍ 2021 ജൂണ്‍ 21-നാണ് വിസ്മയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. സ്ത്രീധനമായി നല്‍കിയ കാറില്‍ തൃപ്തനല്ലാത്തതിനാലും വാഗ്ദാനംചെയ്ത സ്വര്‍ണം ലഭിക്കാത്തതിനാലും ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയെന്നാണ് കേസ്. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന കിരണിനെ അറസ്റ്റിലായതിന് പിന്നാലെ ജോലിയില്‍നിന്ന് പിരിച്ചുവിട്ടിരുന്നു.

Share news