താമരശ്ശേരി ചുരത്തിൽ യൂസർഫീ, തീരുമാനം ‘അഴകോടെ ചുരം’ ക്യാമ്പയിനിൻ്റെ ഭാഗമായി
ചുരം കാണാൻ ഇനിമുതൽ യൂസർഫീ. താമരശ്ശേരി: ചുരത്തെ മാലിന്യ മുക്തമാക്കാനുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിനിൻ്റെ ഭാഗമായി സഞ്ചാരികളിൽ നിന്ന് ഇനി മുതൽ യൂസർഫീ ഈടാക്കാൻ പുതുപ്പാടി പഞ്ചായത്ത് തീരുമാനിച്ചു. പ്രകൃതി ഭംഗി ആസ്വദിക്കാനായി ചുരത്തിൽ വാഹനങ്ങളിൽ വന്നിറങ്ങുന്ന സഞ്ചാരികളിൽ നിന്നാണ് യൂസർഫീ ഈടാക്കുക.

ഫെബ്രുവരി ഒന്ന് മുതൽ വാഹനമൊന്നിന് ഇരുപത് രൂപ വീതമാവും ഈടാക്കുക. ഇതിൻ്റെ ഭാഗമായി വ്യൂപോയിൻ്റിലും മറ്റ് പ്രധാന ഭാഗങ്ങളിലും ഗാർഡുമാരെ ഏർപ്പെടുത്തും. ഹരിത കർമ സേനാംഗങ്ങളെയാണ് ഇതിനായി നിയോഗിക്കുക. ഇത്തരത്തിൽ സഞ്ചാരികളിൽ നിന്നും ഈടാക്കുന്ന തുക ഹരിത കർമ സേനാംഗങ്ങളുടെ നേതൃത്വത്തിൽ ചുരം മാലിന്യ മുക്തമാക്കുന്ന ശുചീകരണ യജ്ഞത്തിൻ്റെ നടത്തിപ്പിനായി ഉപയോഗിക്കും.

ഇതുവരെ പഞ്ചായത്തിൻ്റെ ഭാഗത്ത് നിന്നും ചുരത്തിലെ മാലിന്യ നിർമ്മാജനത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ല. പുതിയ രീതി നിലവിൽ വരുന്നതോടെ ചുരത്തെ മാലിന്യ മുക്തമാക്കാനാവും എന്നാണ് പ്രതീക്ഷ. ജനകീയ പങ്കാളിത്തത്തോടെ ഫെബ്രുവരി 12-ന് ചുരം വീണ്ടും ശുചീകരിക്കാനും ചുരം മാലിന്യ നിർമാർജ്ജനത്തിന് വിശദമായ ഡി. പി. ആർ തയ്യാറാക്കി സർക്കാരിന് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.

