മാഹിയിൽ നിന്ന് എറണാകുളത്തെ ബാറുകളിലേക്ക് കടത്തിയ ഇരുനൂറ് കുപ്പി വിദേശമദ്യം പിടികൂടി
തൃശൂർ ചാലക്കുടിയിൽ മാഹിയിൽ നിന്ന് എറണാകുളത്തെ വിവിധ ബാറുകളിലേക്ക് കടത്തിയിരുന്ന ഇരുനൂറ് കുപ്പി വിദേശമദ്യം പൊലീസ് പിടികൂടി. കാറിലായിരുന്നു മദ്യക്കടത്ത്. മാഹി സ്വദേശികളായ രണ്ട് പേരെ അറസ്റ്റ് ചെയ്തു.പോലീസിന് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ ചാലക്കുടി കോടതി ജംഗ്ഷനിൽ പുലർച്ചെ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തിയിരുന്ന വിദേശമദ്യം പിടികൂടിയത്.
കാറിന് പിറകിലെ ഡിക്കിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു 200 കുപ്പി മദ്യം. മാഹിയിൽ നിന്ന് എറണാകുളത്തേക്കായിരുന്നു മദ്യക്കടത്ത്. വിവിധ ബാറുകളിലേക്കെന്നാണ് പിടിയിലായവരുടെ മൊഴി. മാഹി അഴിയൂർ വൈദ്യർകുന്നിയിൽ വീട്ടിൽ രാജേഷ് (37) മാഹി സ്വദേശി അരുൺ (33) എന്നിവരാണ് അറസ്റ്റിലായത്. രാജേഷ് സമാനമായ നിരവധി കേസുകളിൽ പ്രതിയാണ്.

ഇക്കഴിഞ്ഞ ജൂണിൽ ഇതേ രീതിയിൽ മദ്യം കടത്തിയിരുന്ന രാജേഷിനെ
ചാലക്കുടി പൊലീസ് തന്നെ പിടികൂടിയിരുന്നു. തുടർന്നും ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചുവരികയായിരുന്നു. പിടിയിലായ രാജേഷിനെയും അരുണിനേയും വൈദ്യ പരിശോധനയും മറ്റും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും.

