KOYILANDY DIARY.COM

The Perfect News Portal

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല മോഷണം, 2 പേർ പിടിയിൽ

യുവതിയുടെ കണ്ണിൽ മുളകുപൊടി വിതറി മാല മോഷണം, 2 പേർ പിടിയിൽ. ഞായറാഴ്ച രാവിലെയോടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷന് സമീപം കുറ്റിയിൽ മുക്ക് റോഡിലാണ് സംഭവം. മൈനാഗപ്പള്ളി സ്വദേശിയായ ബിന്ദുവിൻ്റെ മാലയാണ് മോഷ്ടിച്ചത്. ചവറ മുകുന്ദപുരം കരിങ്ങാട്ടിൽ വടക്കെതിൽ ഷാജി (48), ഇടപ്പള്ളിക്കോട്ട നെറ്റിയാട്ട് തളത്ത് വീട്ടിൽ സുഹൈൽ (45) എന്നിവരാണ് പിടി യിലായത്. ഇവരെ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു.
സാധനങ്ങൾ വാങ്ങി സ്കൂട്ടറിൽ വന്ന ബിന്ദുവിനെ സ്കൂട്ടറിലെത്തിയ പ്രതികൾ പിന്തുടരുകയും  ബിന്ദുവിനോട് സൈലൻസറിൽ നിന്ന് പുക വരുന്നതായി പറഞ്ഞ് സഹായിക്കാനെന്ന വ്യാജേന സ്കൂട്ടറിനടുത്തെത്തി കണ്ണിൽ മുളക് പൊടി വിതറി മാല പൊട്ടിച്ചെടുക്കുകയുമായിരുന്നു. ബിന്ദുവും മാലയിൽ പിടിച്ചിരുന്നെങ്കിലും വലിയ കഷണം മോഷ്ടാക്കൾ കൈക്കലാക്കി കടന്നു കളയുകയായിരുന്നു.
തുടർന്ന് ബിന്ദുവിൻ്റെ കരച്ചിൽ കേട്ടെത്തിയ സമീപവാസികൾ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തുകയും ഈ സമയം ടിക്കറ്റ് എടുക്കാനെന്ന വ്യാജേന നിൽക്കുകയായിരുന്ന പ്രതികളെ കണ്ടെത്തുകയുമായിരുന്നു. നാട്ടുകാർ ഇവർ സഞ്ചരിച്ച സ്കൂട്ടർ പരിശോധിച്ചപ്പോൾ പൊട്ടിച്ചെടുത്ത മാലയുടെ ഭാഗങ്ങളും മാറുന്നതിനുള്ള വസ്ത്രങ്ങളും ലഭിച്ചു. തുടർന്ന് വിവരം അറിയിച്ചതോടെ ശാസ്താംകോട്ട പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു.
Share news