സിസ്റ്റർ ലിനിക്ക് ആദരമായി പണിത ഇരുമ്പുപാലം 23ന് നാടിന് സമർപ്പിക്കും

പേരാമ്പ്ര: ലിനിയുടെ ഓർമകൾ മരുതോങ്കര, കുറത്തിപ്പാറ ദേശങ്ങളെയും അവിടുത്തെ മനുഷ്യരെയും വിളക്കിച്ചേർക്കുകയാണ്. നിപാ ബാധിതരെ പരിചരിക്കുന്നതിനിടെ ജീവൻ പൊലിഞ്ഞ സിസ്റ്റർ ലിനിക്ക് ആദരമായി പണിത ഇരുമ്പുപാലം 23ന് നാടിന് സമർപ്പിക്കും. കുറത്തിപ്പാറയിലെ ലിനിയുടെ വീട്ടുമുറ്റത്തുനിന്ന് ആരംഭിക്കുന്ന പാലം 45 മീറ്റർ നീളവും മൂന്നുമീറ്റർ വീതിയുമുള്ളതാണ്. ഇരുകരകളിലുമുള്ളവർ സൗജന്യമായാണ് പാലത്തിനായി ഭൂമി നൽകിയത്.

ഒരു കോടിരൂപ ചെലവിലാണ് ചക്കിട്ടപാറ പഞ്ചായത്തിലെ കുറത്തിപ്പാറയെയും മരുതോങ്കരയിലെ സെന്റർ മുക്കിനെയും ബന്ധിപ്പിച്ച് പാലം ഉയർന്നത്. ലിനിയുടെ അഞ്ചാം ചരമവാർഷികം 21നാണ്. 23ന് രാവിലെ 10ന് ടി പി രാമകൃഷ്ണൻ എംഎൽഎ പാലം തുറന്നുനൽകും. ടി പി രാമകൃഷ്ണൻ എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്നാണ് പണം അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനമായ സിൽക്കാണ് നിർമാണം ഏറ്റെടുത്തത്. സൗരോർജ പാനൽ സ്ഥാപിച്ച് പാലം ദീപാലംകൃതമാക്കും.

മഴക്കാലത്ത് ആർത്തലച്ചൊഴുകുന്ന കടന്തറപ്പുഴയിൽപെട്ട് നിരവധി ജീവനുകൾ നഷ്ടമായിട്ടുണ്ട്. പുഴയ്‌ക്ക് അക്കരെയുള്ള ബന്ധുക്കളെ എല്ലായ്‌പ്പോഴും കാണാൻ പാലം വേണമെന്നത് ലിനിയുടെ ആഗ്രഹമായിരുന്നു. ഉദ്ഘാടനം ഉത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.
