രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ സ്വീകരണം നൽകും
രാഹുൽ ഗാന്ധിക്ക് വയനാട്ടിൽ സ്വീകരണം നൽകും. അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായി ജില്ലയിലെത്തുന്ന രാഹുൽ ഗാന്ധിക്ക് ജില്ലാ യു.ഡി.എഫ്. കമ്മിറ്റിയാണ് സ്വീകരണം നൽകുന്നത്. പതിനൊന്നിന് ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് എം.പി. ഓഫീസിന് എതിർവശത്തുള്ള ഗ്രൗണ്ടിലാണ് സമ്മേളനം നടക്കുക.
സമ്മേളനത്തിനു മുന്നോടിയായി എസ്.കെ.എം.ജെ. ഹൈസ്കൂളിന് സമീപത്തു നിന്ന് റോഡ് ഷോ തുടങ്ങും. എ.ഐ.സി.സി. ഭാരവാഹികളും സംസ്ഥാന യു.ഡി.എഫ്. നേതാക്കളും പങ്കെടുക്കും. വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്നുള്ള പ്രവർത്തകരും പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽനിന്നുള്ള പ്രതിനിധികളും റോഡ്ഷോയിലും സമ്മേളനത്തിലും പങ്കെടുക്കും.

മോദി-അദാനി കൂട്ടുകെട്ട് പാർലമെൻ്റിൽ ചോദ്യംചെയ്തതിൻ്റെ പേരിലാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തി. രാഹുൽ ചോദിച്ച ഒരു ചോദ്യത്തിനും മറുപടി നൽകാത്ത മോദിയുടെ മൗനം അപരാധിയുടെ കുറ്റസമ്മതത്തിനു തുല്യമാണെന്ന് കെ.പി.സി.സി. വർക്കിങ്ങ് പ്രസിഡണ്ട് ടി. സിദ്ദിഖ് എം.എൽ.എ.യും ഡി.സി.സി. പ്രസിഡണ്ട് എൻ.ഡി. അപ്പച്ചനും പറഞ്ഞു.

പത്രസമ്മേളനത്തിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം, യു.ഡി.എഫ്. ജില്ലാ ചെയർമാൻ കെ.കെ. അഹമ്മദ്ഹാജി, കൺവീനർ കെ.കെ. വിശ്വനാഥൻ, പി.പി. ആലി, റസാഖ് കല്പറ്റ, എം.എ. ജോസഫ്, ടി.ജെ. ഐസക് തുടങ്ങിയവർ പങ്കെടുത്തു.

