കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ അനുമതി വൈകുന്നു. ബത്തേരിയിൽ വൻ പ്രതിഷേധം
കൽപ്പറ്റ: ബത്തേരിയിൽ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടാൻ അനുമതി വൈകുന്നതിൽ വൻ പ്രതിഷേധം. കാട്ടാനയെ പിടികൂടാൻ ഇനിയും വൈകിയാൽ സ്ഥിതി വഷളാകുമെന്നാണ് വനപാലകർ അഭിപ്രായപ്പെട്ടു. ഇന്നലെ കുങ്കിയാനകളെ ഉപയോഗിച്ച് കാട്ടാനയെ ഉൾവനത്തിലേക്ക് തുരത്താനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് മയക്കുവെടി വെക്കാൻ അനുമതി തേടിയത്. കാട്ടാന ജനവാസ മേഖലയ്ക്ക് തൊട്ടടുത്താണ് ഇപ്പോഴുള്ളത്.
നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് ഉച്ചയ്ക്ക് നഗരസഭയുടെ നേതൃത്വത്തിലും, യൂത്ത് ലീഗിൻ്റെ നേതൃത്വത്തിലും ബത്തേരി വൈൽഡ് ലൈഫ് വാർഡൻ്റെ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തും.

ഇന്നലെ പുലര്‍ച്ചയോടെ നഗരത്തിലെത്തിയ ആന കാല്‍നടയാത്രികനെ ആക്രമിക്കുകയായിരുന്നു. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്കാണ് അയാൾ രക്ഷപ്പെട്ടത്. തമിഴ്നാട്ടിലെ പ്രശ്നക്കാരനായ ഐ.ഡി കോളര്‍ ഘടിപ്പിച്ച ആനയാണ് ബത്തേരി ടൗണിലെത്തിയതെന്നാണ് വനംവകുപ്പ് പറയുന്നത്. ഗൂഡല്ലൂരില്‍ രണ്ട് പേരെ കൊന്ന കാട്ടാന അമ്പതോളം വീടുകളും തകര്‍ത്തിരുന്നു.

