KOYILANDY DIARY.COM

The Perfect News Portal

ഇനി ഇടറോഡുകളിൽ കെ.എസ്.ആർ.ടിസി മിനി ബസ്

തിരുവനന്തപുരം: കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ ഇടറോഡുകളിൽ മിനി ബസുകളിറക്കാൻ കെ.എസ്.ആർ.ടി.സി. പുതിയ തലമുറയെ ആകർഷിക്കാൻ ട്രാവൽ കാർഡും ഈ ബസുകളിൽ ഏർപ്പെടുത്തും.  കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ – ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കിയാണ് ഫീഡർ സർവ്വീസുകൾ തുടങ്ങുക, ആദ്യഘട്ടമായി തിരുവനന്തപുരത്ത് മണികണ്ഠേശ്വരത്ത് 16 ന് ഫീഡർ സർവീസ് ആരംഭിക്കും.
കെ.എസ്.ആർ.ടി.സിയുടെ കുത്തക പ്രദേശങ്ങളിലാവും ഈ സർവീസുകൾ ആരംഭിക്കുന്നത്. യാത്ര ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ട്രാവൽ കാർഡിൽ സിറ്റി സർക്കുലർ സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകളിലും യാത്ര ചെയ്യാം. പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ചാവും കാർഡിന്റെ വിതരണവും റീചാർജിംഗും. ഫീഡർ ബസുകളിലും ബസ് സ്റ്റേഷനുകളിലും റീച്ചാർജ് ചെയ്യാം.
രണ്ടാം ഘട്ടത്തിൽ 6 മുതൽ 25 സീറ്റർ വരെയും വാഹനങ്ങൾ വാടക വ്യവസ്ഥയിലോ വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ സർവ്വീസ് നടത്തുന്നതും പരിഗണനയിലുണ്ട്.
Share news