KOYILANDY DIARY.COM

The Perfect News Portal

കുന്നംകുളത്ത് കല്യാൺ സിൽക്സിൽ വന്‍ തീപിടുത്തം; രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്ക്

കുന്നംകുളം: കല്യാൺ സിൽക്സിൻ്റെ കുന്നംകുളത്തെ വസ്ത്രശാലയില്‍ വന്‍ തീപിടുത്തം. രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെയാണ് സംഭവം. വലിയ രീതിയിൽ തീയും പുകയും ഉയർന്നത് ആദ്യം കണ്ടത് നഗരത്തിലെ ഓട്ടോ ഡ്രൈവർമാരാണ്. മുകളില്‍ നിന്നും പുക ഉയര്‍ന്നതോടെ മുകളിലെ നിലയിലാണ് തീപിടുത്തമെന്നാണ് ആദ്യം കരുതിയത്.

കുന്നംകുളം ഫയര്‍ഫോഴ്സെത്തി താഴത്തെ ഷട്ടറിന്റെ ഒരു ഭാഗം പൊളിച്ച് നോക്കിയപ്പോഴാണ് ബേസ്മെന്റ് ഫ്ലോറിൽ നിന്നാണ് തീ പടർന്നിട്ടുള്ളതെന്ന് വ്യക്തമായത്. ഇതോടെ കുന്നംകുളം, ഗുരുവായൂർ, വടക്കാഞ്ചേരി, തൃശൂർ എന്നിവിടങ്ങളിൽ  നിന്നുമുള്ള അഞ്ച് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമം ആരംഭിച്ചു. തൃശൂര്‍ ജില്ല ഫയർ ഓഫീസർ അരുൺ ഭാസ്ക്കറും സ്ഥലത്തെത്തിയിരുന്നു. രണ്ടുമണിക്കൂറിലധികം നീണ്ട പ്രയത്നത്തിനൊടുവിലാണ് തീ  നിയന്ത്രണവിധേയമാക്കിയത്.

രക്ഷാപ്രവർത്തനത്തിനിടയിൽ  പുക ശ്വസിച്ച് ഒരു ഫയർഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായി. കുന്നംകുളം യൂണിറ്റിലെ ഫയർമാൻ സജിത്ത് മോനാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തീ ആളിപ്പടർന്നത് അണയക്കാനായി ഗ്ലാസ് പൊട്ടിക്കുന്നതിനിടെ തൃശൂർ യൂണിറ്റിലെ അനന്തുവിന് പരിക്കേറ്റു.

Advertisements

സജിത്ത് മോനെയും അനന്തുവിനെയും ഉടനെ ആശുപത്രിയിലെത്തിച്ചു. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് പ്രാഥമികമായി വിലയിരുത്തിയിട്ടുള്ളത്. തീ പിടിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Share news