കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി
കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. കൊയിലാണ്ടി: ഇനി ഐശ്വര്യവും, പുണ്യവും നിറഞ്ഞ കാളിയാട്ട ദിനങ്ങൾ. ഉത്തര കേരളത്തിലെ പ്രസിദ്ധമായ കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് ഭക്തജനങ്ങളുടെ അമ്മേ ശരണം വിളികളോടെ കൊടിയേറി. കാലത്ത് മേൽശാന്തി ക്ഷേത്രത്തിൽ പ്രവേശിച്ച ശേഷം പുണ്യാഹത്തിനു ശേഷമായിരുന്നു കൊടിയേറ്റ ചടങ്ങുകൾ.
കൊടിയേറ്റത്തിനു ശേഷം കാഴ്ചശീവേലി ആരംഭിച്ചു. തുടർന്ന് കൊല്ലം കൊണ്ടാടും പടി ക്ഷേത്രത്തിൽ നിന്നും ആദ്യ വരവ് ക്ഷേത്രത്തിലെത്തി. അതോടെ ക്ഷേത്ര പരിസരം ഭക്തിയിലാറാടി. കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്തു കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളിൽ നിന്നും ഭക്തി സാന്ദ്രമായ വരവുകൾ ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു.

നീളമുള്ള മുളയിൽ ഭക്തൻമാർ നേർച്ച പ്രകാരം സമർപ്പിച്ച 21 മുഴം കൊടിക്കൂറയാണ് കൊടിയേറ്റത്തിന് ഉപയോഗിച്ചത്. വൈകീട്ട് കാഴ്ചശീവേലി, കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ നിരവധി വാദ്യകലാകാരൻമാർ അണിനിരക്കും. ദീപാരാധനക്ക് ശേഷം സോപാന സംഗീതം. 6.45 മുതൽ കമലിൻ മാക്സ് വെൽ അവതരിപ്പിക്കുന്ന വയലിൻ സോളോ, രാത്രി 7 മണിക്ക് കൊല്ലം യേശുദാസ് നയിക്കുന്ന ശ്രുതിമധുരം ഗാനമേളയും ഉണ്ടായിരിക്കും.

