KOYILANDY DIARY

The Perfect News Portal

ഭക്ഷ്യവിഷബാധ: പറവൂര്‍ മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്: ലൈസന്‍സ് റദ്ദാക്കി

എറണാകുളം പറവൂരില്‍ ഹോട്ടലിലെ ഭക്ഷ്യവിഷബാധ മജ്‌ലിസ് ഹോട്ടല്‍ ഉടമകള്‍ക്കെതിരെ വധശ്രമത്തിന് കേസ്. പറവൂര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. ഹോട്ടലിന്റെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്തതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് ആകെ 189 സ്ഥാപനങ്ങളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. വൃത്തിഹീനമായി പ്രവര്‍ത്തിച്ചതും ലൈസന്‍സ് ഇല്ലാതിരുന്നതുമായ 2 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി. 37 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി.

മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 68 പേരാണ് ചികിത്സ തേടിയത്. പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ മാത്രം 40 പേര്‍ ചികിത്സ തേടിയിട്ടുണ്ട്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

Advertisements

ചെറിയ രീതിയില്‍ ശര്‍ദ്ദിയും ദേഹാസ്വാസ്ഥ്യം ഉള്‍പ്പെടെയുള്ള മറ്റു ചില പ്രശ്‌നങ്ങളും ഉണ്ടായതിനെ തുടര്‍ന്നാണ് ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതല്‍ ആളുകള്‍ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി മടങ്ങി. ആരുടെയും ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.