ബിജെപി നേതാവ് പി പി മുകുന്ദന്‍ അന്തരിച്ചു

കണ്ണൂര്‍: ബിജെപി ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന പി പി മുകുന്ദന്‍ (77) അന്തരിച്ചു. ആര്‍എസ്എസ് കോഴിക്കോട്, തിരുവനന്തപുരം വിഭാഗ് പ്രചാരകനായും പ്രാന്തീയ സമ്പര്‍ക്ക പ്രമുഖനായും പ്രവര്‍ത്തിച്ചു.

കൊട്ടിയൂര്‍ മണത്തണ കൊളങ്ങരയത്ത് തറവാട്ടിലെ പരേതരായ നടുവില്‍ വീട്ടില്‍ കൃഷ്ണന്‍ നായരുടെയും കൊളങ്ങരയത്ത് കല്യാണിയമ്മയുടെയും മകനാണ്. സഹോദരങ്ങള്‍ റിട്ട. അധ്യാപകനായ പി പി ഗണേശന്‍, പി പി ചന്ദ്രന്‍, പരേതനായ കുഞ്ഞിരാമന്‍. 1946 ഡിസംബര്‍ ഒമ്പതിനാണ് ജനനം. മണത്തണ യുപി സ്‌കൂള്‍, പേരാവൂര്‍ സെൻറ് ജോസഫ്‌സ് ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഹൈസ്‌കൂള്‍ പഠനകാലത്താണ് ആര്‍എസ്എസില്‍ എത്തുന്നത്. കണ്ണൂര്‍ താലൂക്ക് പ്രചാരകനായിട്ടാണ് തുടക്കം.

1975 ല്‍ അടിയന്തിരാവസ്ഥയെ തുടര്‍ന്ന് തൃശൂര്‍ ജില്ലാ പ്രചാരകനായിരുന്ന പി പി മുകുന്ദനെ മിസ പ്രകാരം അറസ്റ്റ് ചെയ്തു. 21 മാസം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞു. കാല്‍നൂറ്റാണ്ട് കാലം ആര്‍എസ്എസ് പ്രചാരകനായ ശേഷമാണ് ബിജെപി സംസ്ഥാന നേതൃ നിരയിലെത്തുന്നത്. 1991 ല്‍ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു.

2004 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 2004 ല്‍ തമിഴ്‌നാട്, കേരളം, പോണ്ടിച്ചേരി, ആൻറമാന്‍ നിക്കോബാര്‍ എന്നീ പ്രദേശങ്ങളുടെ ചുമതലയുള്ള ദക്ഷിണേന്ത്യാ സംഘടനാ സെക്രട്ടറിയായി. പിന്നീട് നേതൃനിരയില്‍ നിന്ന് തഴയപ്പെട്ടു. മഹാശിവരാത്രി, പൂനൈ മലയാളി സമാജത്തിൻറെ വിശിഷ്ടവ്യക്തിത്വം, ഹൈദരാബാദ് ഭാഗ്യനഗര്‍ ഹിന്ദുസംഗമവേദി എന്നിവയുടെ പുരസ്‌കാരങ്ങള്‍ ലഭിച്ചു.

പി പി മുകേന്ദൻറെ മൃതദേഹം 10.30 ഓടെ ആര്‍എസ് എസ്. എറണാകുളം കാര്യാലയത്തില്‍ എത്തിക്കും. ഏകദേശം 2 മണിയോടെ സ്വദേശത്തേയ്ക്ക്. സംസ്‌ക്കാര കര്‍മ്മം കണ്ണൂര്‍ മണത്തണ കുടുംബ ശമ്ശാനത്തില്‍ വ്യാഴാഴ്ച്ച വൈകീട്ട് 4 ന് നടക്കും.
