KOYILANDY DIARY

The Perfect News Portal

നോട്ട് നിരോധിച്ചത് വിഡ്ഡിത്തമായി: ഇപ്പോൾ രണ്ടായിരവും പിൻവലിച്ചു

ന്യൂഡൽഹി: നോട്ട് നിരോധിച്ചത് വിഡ്ഡിത്തമായി: ഇപ്പോൾ രണ്ടായിരവും പിൻവലിച്ചു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്‌‌ക്ക്‌ കനത്ത ആഘാതമേൽപ്പിച്ച മോദി സർക്കാരിന്റെ കറൻസി പിൻവലിക്കൽ നടപടിയുടെ തുടർച്ചയായി പുറത്തിറക്കിയ 2000 രൂപ നോട്ടുകൾ പിൻവലിക്കാൻ ആർബിഐ തീരുമാനിച്ചു. ഇനി മുതൽ 2000 രൂപ നോട്ടുകൾ വിതരണം ചെയ്യരുതെന്ന്‌ ബാങ്കുകൾക്ക്‌ നിർദേശം നൽകി. നിലവിൽ 2000 രൂപ നോട്ടുകൾ കൈവശമുള്ളവർക്ക്‌ ഇവ അക്കൗണ്ടിൽ നിക്ഷേപിക്കുകയോ ബാങ്കുകളെ സമീപിച്ച്‌ മാറ്റിയെടുക്കുകയോ ചെയ്യാൻ സെപ്‌തംബർ മുപ്പത്‌ വരെ സമയം നൽകും. സ്വന്തം അക്കൗണ്ടിൽ നോട്ടുകൾ നിക്ഷേപിക്കുന്നതിന്‌ നിയന്ത്രണമില്ല. എന്നാൽ മാറ്റിയെടുക്കുന്നതിന്‌ ഒരു സമയം പരമാവധി ഇരുപതിനായിരം രൂപയെന്ന നിയന്ത്രണമുണ്ട്‌.

കള്ളപണം ഇല്ലാതാക്കുമെന്ന അവകാശവാദത്തോടെ 2016 നവംബറിലാണ്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിയാലോചനകൾ കൂടാതെ 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചത്‌. ഇതേ തുടർന്ന്‌ പെട്ടെന്നുണ്ടായ കറൻസി ക്ഷാമം മറികടക്കുന്നതിനാണ്‌ 2000 രൂപ നോട്ടുകൾ അച്ചടിച്ചത്‌. ഉയർന്ന മൂല്യമുള്ള കറൻസിയുടെ വരവ്‌ യഥാർത്ഥത്തിൽ കള്ളപണക്കാർക്ക്‌ കൂടുതൽ അനുഗ്രഹമായി. മാത്രമല്ല കള്ളനോട്ടും പെരുകി. തീരുമാനം വിഡ്ഡിത്തമായെന്ന്‌ വൈകാതെ സർക്കാരിനും ആർബിഐയ്‌ക്കുമെല്ലാം ബോധ്യപ്പെട്ടു.

Advertisements

ഇതോടെ രണ്ടായിരം രൂപ നോട്ടുകളുടെ അച്ചടി ഘട്ടംഘട്ടമായി കുറച്ചു. 2019 മുതൽ പുതിയ 2000 രൂപ കറൻസി ആർബിഐ അച്ചടിക്കുന്നില്ല. 2016 നവംബർ മുതൽ 2018–19 വരെയുള്ള കാലയളവിലായി 2000 രൂപയുടെ 371 കോടി നോട്ടുകളാണ്‌ ആർബിഐ അച്ചടിച്ചത്‌. ഇതിൽ 355 കോടിയും 2016–17 വർത്തിലാണ്‌ അച്ചടിച്ചത്‌. തുടർന്നുള്ള വർഷങ്ങളിൽ അച്ചടി 11 കോടിയിലേക്കും 4.67 കോടിയിലേക്കും ചുരുങ്ങി.

Advertisements