KOYILANDY DIARY.COM

The Perfect News Portal

ബോട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിൽ സംഘട്ടനം: മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു

ബോട്ട് തൊഴിലാളികളും ഓട്ടോറിക്ഷാ തൊഴിലാളികളും തമ്മിലുണ്ടായ സംഘട്ടനത്തിനിടെ മർദ്ദനമേറ്റ ഓട്ടോ ഡ്രൈവർ മരിച്ചു. ബേപ്പൂർ തമ്പി റോഡ് ഓലശ്ശേരി ജിജീഷാണ് (41) മരിച്ചത്‌. ബി.സി റോഡിലെ ഓട്ടോ ഡ്രൈവറാണ്‌ ഇയാൾ. ബോട്ട് തൊഴിലാളികളുടെ മൊബൈൽ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് സംഘർഷമുണ്ടായത്.

ബേപ്പൂർ ചീർപ്പ്‌പാലം റോഡിനടുത്ത്‌ ചൊവ്വാഴ്ച വൈകീട്ടായിരുന്നു ബോട്ട് തൊഴിലാളികളും ഓട്ടോതൊഴിലാളികളും തമ്മിൽ ഏറ്റുമുട്ടിയത്. മർദ്ദനത്തിൽ കൈയ്ക്കും  മുഖത്തും മാരകമായി മുറിവേറ്റ ജിജീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംഭവത്തിൽ ബേപ്പൂർ എസ്‌.ഐ. കെ. ഷുഹൈബിൻ്റെയും ഫറോക്ക്‌ പോലീസിൻ്റെയും നേതൃത്വത്തിൽ അന്വേഷണം നടക്കുകയാണ്. അടിപിടിയിൽ പങ്കെടുത്തവരെ മുഴുവൻ പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓലശ്ശേരി ശിവരാമൻ്റെയും സുഗിതയുടെയും മകനാണ് മരിച്ച ജിജീഷ്. പ്രജീഷ്‌, ജീബ എന്നിവർ സഹോദരങ്ങളാണ്.

Advertisements
Share news