KOYILANDY DIARY

The Perfect News Portal

ജില്ലയിൽ കോവിഡ്‌ വ്യാപനത്തിൽ നേരിയ കുറവ്‌

കോഴിക്കോട്‌: ജില്ലയിൽ കോവിഡ്‌ വ്യാപനത്തിൽ നേരിയ കുറവ്‌. ചൊവ്വ 89 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. 19.2 ശതമാനമാണ്‌ ടെസ്‌റ്റ്‌ പോസറ്റിവിറ്റി നിരക്ക്‌ (ടിപിആർ). കഴിഞ്ഞ ആഴ്‌ചകളിൽ 20ന്‌ മുകളിലായിരുന്നു ടിപിആർ. ചൊവ്വ  475 പേരെയാണ്‌ പരിശോധിച്ചത്‌.
നിലവിൽ 862 രോഗികളുണ്ട്‌. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന്‌ ആരോഗ്യവകുപ്പ്‌ അധികൃതർ അറിയിച്ചു. വ്യാപനമുണ്ടായാൽ നേരിടാൻ കിടക്കകളും മറ്റ്‌ സജ്ജീകരണങ്ങളും സർക്കാർ–-സ്വകാര്യ ആശുപത്രികളിലുണ്ട്‌. 804 പേർ വീടുകളിലും 58 പേർ ആശുപത്രിയിലും ചികിത്സയിലുണ്ട്‌. ചികിത്സയിലുള്ളവരിൽ ഗുരുതരമായവർ കുറവാണ്‌.
മെഡിക്കൽ കോളേജിൽ എട്ട്‌, ഐഎംസിഎച്ചിൽ അഞ്ച്‌, ബീച്ച്‌ ജനറൽ ആശുപത്രിയിൽ എട്ട്‌, സ്വകാര്യ ആശുപത്രികളിൽ 37 എന്നിങ്ങനെയാണ്‌ രോഗികൾ. മൂന്ന്‌ മാസത്തിനുള്ളിൽ മൂന്ന്‌ മരണമുണ്ടായി.
രോഗ വ്യാപന സാധ്യത പരിഗണിച്ച്‌  പൊതുസ്ഥലങ്ങളിൽ മാസ്‌ക് ഉൾപ്പെടെ ജാഗ്രത പാലിക്കണമെന്ന്‌ വിദഗ്‌ധർ നിർദേശിക്കുന്നു. ഗുരുതര രോഗികൾ,  ജീവിതശൈലീ രോഗം, കിടപ്പ്‌ രോഗികൾ തുടങ്ങിയവർ വീട്ടിലുണ്ടെങ്കിൽ രോഗം പകരാതിരിക്കാൻ മാസ്‌ക്‌ ധരിച്ച്‌ കരുതൽ പുലർത്തണം.