KOYILANDY DIARY.COM

The Perfect News Portal

ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. 

ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ പന്നിയാർ എസ്റ്റേറ്റിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. ഇന്നലെ രാത്രി പത്തുമണിയ്ക്ക് അരിക്കൊമ്പൻ എസ്റ്റേറ്റിലെ ലേബർ ക്യാന്റീൻ ചുമര് ഇടിച്ചുതകർത്തു. ക്യാന്റിൻ നടത്തിപ്പുകാരൻ എഡ്വിൻ രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. ശബ്ദം കേട്ട് പുറത്തിറങ്ങിയ എഡ്വിനെ കുറെ ദൂരം ആന ഓടിച്ചു. സമീപത്തുള്ല ലയത്തിലേയ്ക്ക് ഇയാൾ ഓടിക്കയറി. പിന്നാലെ ബഹളം കേട്ട് എത്തിയ തൊഴിലാളികൾ ശബ്ദം ഉണ്ടാക്കി ആനയെ തുരത്തുകയായിരുന്നു.
ഇടുക്കിയിൽ കാട്ടാന ആക്രമണം തുടർക്കഥയാക്കുകയാണ്. കഴിഞ്ഞ ദിവസം ചിന്നക്കനാൽ എൺപതേക്കറിന് സമീപം കാട്ടാന അക്രമണത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റിരുന്നു. രാജാക്കാട് തയ്യിൽ ജോണിക്കാണ് പരിക്കേറ്റത്. ജോണി രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ ബൈക്കിൽ തുമ്പി കൈ കൊണ്ട് തട്ടുകയായിരുന്നു. ബൈക്കിൽ നിന്ന് തെറിച്ചുവീണ ജോണി സമീപത്തെ കലുങ്കിന് താഴേക്ക് പതിച്ചതിനാൽ ഒറ്റയാന്റെ പിടിയിൽ നിന്ന് രക്ഷപെട്ടു.
അതേസമയം അരിക്കൊമ്പനെ പിടികൂടി കൂട്ടിലടക്കുന്ന നടപടികൾ ഇഴഞ്ഞ് നീങ്ങുകയാണ്. കൂട് നിർമാണം ഈ ആഴ്ച പൂർത്തിയാകുമെന്ന് പറഞ്ഞെങ്കിലും വെളിയാഴ്ച മാത്രമാണ് തടികളെല്ലാം കോടനാട് എത്തിക്കാനായത്. ഇതിന് ഇനിയും ദിവസങ്ങളെടുക്കും. 15നകം മൂന്ന് കുങ്കിയാനകളടങ്ങുന്ന 25 അംഗ സംഘം വയനാട്ടിൽ നിന്ന് എത്തുമെന്നാണ് വിവരം.
Share news