പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീക്ഷേത്രത്തിൽ മുതിർന്ന പൗരന്മാരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടന്നു

കൊയിലാണ്ടി: നവരാത്രി ആഘോഷത്തിൻ്റെ ഭാഗമായി പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ- ദേവീക്ഷേത്രത്തിൽ മുതിർന്ന പൗരന്മാരുടെ ശാസ്ത്രീയ സംഗീത അരങ്ങേറ്റം നടന്നു. കൗമാരക്കാരുടെ ഉത്സാഹത്തോടെ സപ്തതി കഴിഞ്ഞവരുടെയും അതിനോടടുത്തവരുടെയും അരങ്ങേറ്റം ഏറെ ശ്രദ്ധേയമായി. പാലക്കാട് പ്രേംരാജിൻ്റെ ശിക്ഷണത്തിൽ മൂന്നു വർഷമായി ശാസ്ത്രീയ സംഗീത പഠനം അഭ്യസിച്ച കേരള സീനിയർ സിറ്റിസൺസ് ഫോറം ചെങ്ങോട്ടുകാവിന്റെ സംഗീത സായന്തനം ഗ്രൂപ്പിലെ 30 അംഗങ്ങളായിരുന്നു തിങ്കളാഴ്ച കാലത്ത് അരങ്ങേറ്റം നടത്തിയത്.
.

.
പതിനഞ്ച് പേരടങ്ങുന്ന രണ്ടു സംഘങ്ങളായി ക്ഷേത്രത്തിലെ സരസ്വതീ മണ്ഡപത്തിൽ പത്തിലധികം കീർത്തനങ്ങളും ദേവർ നാമകളും ആലപിച്ച് കൊണ്ട് ഇവർ സദസ്യരെ ആനന്ദ ഭരിതരാക്കി. നേരത്തെ കേരള സീനിയർ സിറ്റിസൺസ് ഫോറം സംഘടനയുടെ ജില്ലാ, സംസ്ഥാന സമ്മേളനങ്ങളിലും, മലരി കലാമന്ദിരത്തിന്റെ നവരാത്രി സംഗീതോത്സവത്തിലും ഇവർ സംഗീത സപര്യ നടത്തിയിട്ടുണ്ട്.
.

.
ഇവർക്ക് പക്കമേളക്കാരായി വയലിനിൽ പുഷ്പ പ്രേം രാജും, മൃദംഗത്തിൽ പന്തലായനി രാമകൃഷ്ണനും, തബലയിൽ ബാലകൃഷ്ണൻ കരുവണ്ണൂരും, കീബോർഡിൽ അശ്വിൻ. പി. പ്രേമും ഒപ്പം ചേർന്നു. പൂവും പൊട്ടും പുതിയ പ്രതീക്ഷകളുമായി ജീവിത സായാഹ്നം ഫലപ്രദമായി ഉപയോഗിക്കുന്ന ഇവർ തീർച്ചയായും വയോജന സമൂഹത്തിന് മാതൃകയാണ്.
