ജലാശയ അപകടങ്ങൾ ഇല്ലാത്ത സുരക്ഷിത കേരളം – കൊല്ലം ചിറയിൽ ഫയർഫോഴ്സിൻ്റെ മോക് ഡ്രിൽ
കൊയിലാണ്ടി കൊല്ലം ചിറയിൽ മുങ്ങിത്താണ യുവാവിനെ ഫയർഫോഴ്സ് അത്ഭുതകരമായി രക്ഷപ്പെടുത്തി. സംഭവം നോക്കി നിൽക്കെ എന്ത് ചെയ്യണം എന്നറിയാതെ പരിഭ്രാന്തരായ ജനങ്ങൾക്ക് പിന്നീടാണ് ഇത് മോക് ഡ്രിൽ ആണെന്ന് മനസിലായത്. അതോടെയാണ് എല്ലാവരും ഒന്ന് ദീർഘശ്വാസം വലിച്ചു. സംസ്ഥാന സർക്കാരിൻ്റെ ജലരക്ഷാ പദ്ധതിയുടെ ഭാഗമായി, ജലാശയ അപകടങ്ങൾ ഇല്ലാത്ത സുരക്ഷിത കേരളം പരിപാടിയുടെ ഭാഗമായി കൊയിലാണ്ടി ഫയർഫോഴ്സ് കൊല്ലം ചിറയിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്. വർഷത്തിൽ ധാരാളം ആളുകൾ ജലാശയ അപകടങ്ങളിൽ മരണപ്പെടുന്നുണ്ട്. ഇത്തരം അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ ബോർഡുകൾ, ജലരക്ഷാ ഉപകരണങ്ങൾ, എന്നിവ സ്ഥാപിച്ച് അപകടങ്ങൾ കുറക്കാൻ വേണ്ടിയാണ് ഫയർഫോഴ്സ് ഇത്തരം മോക് ഡ്രിൽ നടത്തുന്നത്.
കൊയിലാണ്ടി ഫയർ & റെസ്ക്യൂ സ്റ്റേഷനും, സിവിൽ ഡിഫെൻസ് യൂണിറ്റും ചേർന്ന് നടത്തിയ പരിപാടിയിൽ സ്റ്റേഷൻ ഓഫീസർ സി. പി ആനന്ദൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ സതീശൻ, കെ. ടി. രാജീവൻ, ഷിജിത്ത്, ബിജേഷ്, തുടങ്ങിയവരും, സിവിൽ ഡിഫെൻസ് പോസ്റ്റ് വാർഡൻ കെഎം ബിജു, മമ്മദ് കോയ, വിയ്യൂർ വില്ലേജ് ഓഫീസർ അനിൽ ചുക്കോത്ത് തുടങ്ങിയവർ മോക്ഡ്രില്ലിൽ പങ്കെടുത്തു.
