തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കോൺഗ്രസ്സ് വിശ്വാസ സംരക്ഷകവേഷം കെട്ടുന്നു: BJP നേതാവ് സുനിൽകുമാർ കർക്കളെ
കൊയിലാണ്ടി: ബിജെപി ശബരിമല പ്രക്ഷോഭം നടത്തുന്ന സമയത്ത് അൻപതിനായിരത്തിൽപരം പ്രവർത്തകർ കേസുകളിൽ പ്രതികൾ ആയപ്പോൾ ഒരു കേസിൽ പോലും പ്രതികൾ ആകാത്ത കോൺഗ്രസുകാർ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ തങ്ങളാണ് വിശ്വാസ സംരക്ഷകർ എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണെന്ന് കർണാടക ഗവ.ചീഫ് വിപ്പും ബിജെപി സംസ്ഥാന സഹ ഭാരവാഹിയുമായ സുനിൽ കുമാർ കർക്കളെ പറഞ്ഞു. ബിജെപി കൊയിലാണ്ടി നിയോജകമണ്ഡലം നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശ്ചിമബംഗാളിലും തമിഴ്നാട്ടിലും ഒന്നിച്ചു മത്സരിക്കുന്ന കോൺഗ്രസ്സും സിപിഎമ്മും കേരളത്തിൽ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് അന്യോന്യം മത്സരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജയിക്കുന്ന സ്ഥലങ്ങളിൽ മാത്രമേ വികസനം നടക്കുന്നുള്ളു. മറ്റ് സ്ഥലങ്ങളിൽ പിന്നോക്കം പോവുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി, ജില്ലാ പ്രസിഡണ്ട് വി കെ സജീവൻ, പാർട്ടി പരിപാടികൾ വിശദീകരിച്ചു, മണ്ഡലം പ്രസിഡണ്ട് ജയ്കിഷ് എസ് ആർ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സി ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി ചക്രായുധൻ, ട്രെഷറർ വി കെ ജയൻ, ഉണ്ണികൃഷ്ണൻ മുത്താമ്പി, കെ വി സുരേഷ്, വായനാരി വിനോദ്, അഡ്വ.വി സത്യൻ, ടി കെ പത്മനാഭൻ, എന്നിവർ സംസാരിച്ചു.


