കൊയിലാണ്ടിയിൽ ഗതാഗത കുരുക്കിനിടെ പോലീസിൻ്റെ വാഹന പരിശോധന: ലോറി കാറുമായി കൂട്ടിയിടിച്ചു

കൊയിലാണ്ടി: ഗതാതക്കുരിക്കിൽ ജനം പൊറുതിമുട്ടുന്നതിനിടെ പോലീസിൻ്റെ വാഹന പരിശോധന ദുരിതമിരട്ടിപ്പിച്ചു. ഏറെ തിരക്കുള്ള താലൂക്കാസ്പത്രിക്ക് മുന്നിൽ വെച്ചായിരുന്നു വെള്ളിയാഴ്ച വൈകീട്ട് പോലീസ് പരിശോധന. ഇതിനിടെ ലോറി കാറിലിടിച്ച് അപകടവുമുണ്ടായി. കാറിന് കേടുപറ്റി. ഗതാഗതക്കുരിക്കിൽ പെട്ട വാഹനങ്ങൾ മറികടന്നു പോകുന്നത് തടയാൻ പോലീസ് ദേശീയ പാതയ്ക്ക് നടുവിൽ നിന്ന് വാഹനങ്ങളെ പിടികൂടിയത് ഗതാഗത തടസം വർധിപ്പിക്കാനിടയാക്കി. കൊയിലാണ്ടി എസ്.ഐ രാജേഷ് രുമാറിൻ്റെ നേതൃത്വത്തിലാണ് തിരക്കിനിടയിൽ ഹെൽമെറ്റ് വേട്ട ഉൾപ്പെടെ വാഹന പരിശോധനയ്ക്ക് മുതിർന്നത്. ഇത് ജനങ്ങളിൽ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്.

ഇതിനിടെ യാത്രക്കാരെയുംകൊണ്ട് വന്ന ഓട്ടോറിക്ഷ തടഞ്ഞതോടെ പ്രയാസത്തിലായ യാത്രക്കാരികൾ നാട്ടുകാരോട് സംഭവം വിവരിക്കുന്നതിനിടെ പോലീസ് കയർത്ത് സംസാരിച്ചുവെന്നും യാത്രക്കാർ പറഞ്ഞു. മറ്റ് വാഹനങ്ങൾ കിട്ടാത്തതിനാൽ ഓട്ടോക്കാരനെ നിർബന്ധിച്ചാണ് മരുന്ന് വാങ്ങുന്നതിന് കൊയിലാണ്ടിക്ക് കൊണ്ടുവന്നത്. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഓട്ടം വിളിച്ചാൽ പോകാത്ത സ്ഥിതിയാണുള്ളത്.


