കൊയിലാണ്ടി നഗരസഭയിലെ 34-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിൽ ജനങ്ങളിൽ പ്രതിഷേധം

കൊയിലാണ്ടി: നഗരസഭയിലെ 34-ാം വാർഡ് കണ്ടെയിൻമെന്റ് സോണായി പ്രഖ്യാപിച്ചതിൽ ജനങ്ങളിൽ പ്രതിഷേധം. കഴിഞ്ഞ ദിവസം ബേപ്പൂർ തുറമുഖത്ത് മത്സ്യബന്ധന തൊഴിലിലേർപ്പെട്ട തൊഴിലാളിക്ക് കോവിഡ് സഥിരീകരിച്ചതുമായി ബന്ധപ്പെട്ട് 34-ാം വാർഡിലെ ഒരാൾക്ക് നിരീക്ഷണത്തിലിരിക്കെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. നീരീക്ഷണത്തിലിരുന്ന ഇയാൾ വീടിന്റെ മുകളിലത്തെ നിലയിലായിരുന്നു താമസം. കൂടുതൽ ആളുകളുമായി സമ്പർക്കത്തിലില്ല എന്നാണ് വാർഡ് ആർ.ആർ.ടി. യോഗം വിലയിരുത്തിയത്. ഇങ്ങനെയുള്ള ഈ പ്രദേശത്ത് കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ചത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. അരങ്ങാടത്ത് മുതൽ പടിഞ്ഞാറ് ബീച്ച് ഏരിയായിൽ സ്ഥിതിചെയ്യുന്നതാണ് 34-ാം വാർഡ്
തൊട്ടടുത്തുള്ള ഒരു വാർഡിൽ 3 പോസിറ്റീവ് കേസുകളും കൂടുതൽ ആളുകൾക്ക് സമ്പർക്കം ഉണ്ടാകുകയും ചെയ്തിട്ടും അവിടെ ഒരു നിയന്ത്രവും ഇതുവരെ നിലവിൽ വന്നിട്ടില്ല. സർക്കാരിന്റെ പുതിയ ഉത്തരവ് പ്രകാരം പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന വാർഡുകളിലെ ചെറിയൊരു പ്രദേശത്ത് മൈക്രോ കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപിച്ച് ജനങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ നിയന്ത്രണങ്ങൾ കൊണ്ടുവരാവുന്നതാണ്. ഇവിടെ ഇത് ലംഘിക്കപ്പെട്ടതായാണ് നാട്ടുകാർ ആരോപിക്കുന്നത്.

ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥർ തെറ്റായ റിപ്പോർട്ട് ജില്ലാ കലക്ടർക്കും ഡി.എം.ഒ.വിനും നൽകിയാതാണ് കണ്ടെയിൻമെന്റ് സോൺ പ്രഖ്യാപി്ക്കാൻ കാരണമെന്നും നാട്ടുകാർ പറയുന്നു.

