KOYILANDY DIARY.COM

The Perfect News Portal

ലിനിയെപോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് കേരളത്തിൻ്റെ കരുത്ത്: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വൈറസിനു മുമ്പേ മലയാളികളില്‍ ഭീതി നിറച്ച മാരക വൈറസ് വ്യാപനത്തിന്റെ ഓര്‍മകള്‍ക്ക് ബുധനാഴ്ച രണ്ടുവര്‍ഷം പിന്നിടുന്നു. ഈ സമയത്ത് നിപാ വൈറസിനെതിരെ പോരാടിയ ലിനിയെ ഓര്‍ക്കാതിരിക്കാന്‍ ആവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

ലിനിയെ ഓര്‍ക്കാതെ ഈ കാലം എങ്ങനെ കടന്നു പോകും?. ആ ജീവിതം മറ്റുള്ളവര്‍ക്ക് ഏറ്റവും പ്രചോദിതമാകുന്നത് ഇക്കാലത്താണ്. നിപയെന്ന മഹാമാരിക്കെതിരായി പോരാടി സിസ്റ്റര്‍ ലിനി വിടവാങ്ങിയിട്ട് ഇന്നേക്ക് രണ്ടു വര്‍ഷം തികയുന്നു. പേരാമ്പ്ര താലൂക്ക് ആശുപത്രിയില് ജോലി ചെയ്തിരുന്ന ലിനിക്ക് നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെയാണ് വൈറസ് ബാധയേറ്റത്. അര്‍പണ ബോധത്തോടെ രോഗബാധിതരെ ശുശ്രൂഷിച്ച ലിനി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാകെ മാതൃകയായി മാറി.

Advertisements

കോവിഡ് – 19 എന്ന മഹാമാരിയെ ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വേളയിലാണ് ലിനിയുടെ ഓര്‍മ്മദിനം കടന്നുപോവുന്നത്. ലിനിയെ പോലുള്ള ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് ഈ പോരാട്ടത്തില്‍ കേരളത്തിൻ്റെ കരുത്ത്. രോഗികളെ ശുശ്രൂഷിക്കാനും രോഗം പടരാതിരിക്കാനും കാട്ടുന്ന ജാഗ്രത നമ്മുടെ നാടിനെ സുരക്ഷിതമാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ലോകത്തിന്‍്റെ മുക്കിലും മൂലയിലും മലയാളികളായ ആരോഗ്യ പ്രവര്‍ത്തകര്‍ കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാം മറന്ന് മുന്നിലുണ്ട്.

രോഗബാധിതരെ ശുശ്രൂഷിക്കുന്നതിനിടയില്‍ വൈറസ് ബാധ ഏറ്റ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗമുക്തിക്കു ശേഷം അതേ ജോലിയിലേക്ക് തന്നെയെന്ന് പ്രഖ്യാപിക്കുന്നത് നമുക്കാകെ ധൈര്യം നല്‍കുന്നു. ലിനിയുടെ ജീവിതസന്ദേശം പ്രസക്തമാകുന്നത് ഇവിടെയാണ്. കോവിഡിനെതിരായ പോരാട്ടത്തില്‍ ലിനിയുടെ ഓര്‍മ്മകള്‍ നമുക്ക് കരുത്തേകും — മുഖ്യമന്ത്രി പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *