KOYILANDY DIARY.COM

The Perfect News Portal

റിപ്പബ്ലിക്  ദിന പരേഡിന് കോഴിക്കോട് ബീച്ചില്‍ വേദിയൊരുങ്ങും

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന റിപ്പബ്ലിക്  ദിന പരേഡ് കോഴിക്കോട് ബീച്ചില്‍ നടത്താന്‍ ആലോചന. ജില്ലയിലെ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ശശീന്ദ്രന്‍, എ. പ്രദീപ്കുമാര്‍ എം.എല്‍.എ., കളക്ടര്‍ എസ്. സാംബശിവ റാവു, സിറ്റി പോലീസ് ചീഫ് എ.വി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രഥമിക കൂടിയാലോചനാ യോഗം കഴിഞ്ഞദിവസം കളക്ടറേറ്റില്‍ ചേര്‍ന്നിരുന്നു.

പൊതുജനങ്ങളും പോലീസുമായി കൂടുതല്‍ അടുപ്പമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ പൊതുസ്ഥലത്ത് നടത്താന്‍ തീരുമാനിച്ചത്. ഇതുപോലുള്ള പരിപാടികള്‍ ഇനിമുതല്‍ പൊതുഇടങ്ങളില്‍ നടത്തണമെന്ന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായിട്ടുകൂടിയാണ് ഈ മാറ്റം.

റിപ്പബ്ലിക്ദിന പരേഡ്, വെള്ളിയാഴ്ചത്തെ സ്റ്റേഷനുകളിലെ പതിവ് പരേഡ് എന്നിവ പൊതുസ്ഥലങ്ങളില്‍ നടത്താന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവികളോടും നിര്‍ദേശിച്ചിട്ടുമുണ്ട്.

Advertisements

ജനുവരി ഏഴിനും ഒമ്ബതിനും കളക്ടറേറ്റില്‍ നടക്കാനിരിക്കുന്ന ബന്ധപ്പെട്ട വകുപ്പുകളിലെ ജില്ലാ മേധാവികളുടെ യോഗത്തില്‍ റിപ്പബ്ലിക്ദിന പരേഡിന്റെ ആഘോഷങ്ങള്‍ക്ക് അന്തിമരൂപം നല്‍കും. വര്‍ഷംതോറും ന്യൂഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക്ദിന പരേഡിന്റെ മാതൃകയില്‍ ചടങ്ങുകള്‍ നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ ഉദ്ദേശ്യം.

ആദ്യകാലത്ത് മാനാഞ്ചിറ മൈതാനത്തായിരുന്നു റിപ്പബ്ലിക്ദിന പരേഡ് നടത്തിവന്നത്. എന്നാല്‍ മൈതാനം ഇന്നത്തെ രൂപത്തിലേക്ക് പരിഷ്‌കരിച്ചതോടെ പിന്നീട് കരസേനയുടെ ഉടമസ്ഥതയിലുള്ള വെസ്റ്റ്ഹില്‍ മൈതനാനത്തേക്ക്‌ പരേഡ് മാറ്റുകയാണുണ്ടായത്.

ബീച്ചില്‍ ഗുജറാത്തി സ്‌കൂളിന് സമീപത്ത് വേദിയൊരുക്കാനാണ് ആലോചിക്കുന്നത്. ഇവിടെ റിപ്പബ്ലിക്ദിന പരേഡ് നടക്കുമ്ബോള്‍ ഇരുവശങ്ങളിലും വാഹനങ്ങളെ വഴിതിരിച്ചു വിടും. പരിപാടി പൂര്‍ണമായും അവസാനിക്കുന്നതുവരെ വാഹനനിരോധനവും തുടരും. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് വ്യാഴാഴ്ച സിറ്റി പോലീസ് മേധാവി എ.വി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലപരിശോധന നടത്തി.

ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ എ.കെ. ജമാലുദ്ദീന്‍, സിറ്റി സ്‌പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ എ.ജെ. ബാബു, ട്രാഫിക് സൗത്ത് അസിസ്റ്റന്റ് കമ്മിഷണര്‍ പി. ബിജുരാജ്, സിറ്റി കണ്‍ട്രോള്‍ റൂം അസിസ്റ്റന്റ് കമ്മിഷണര്‍ എല്‍. സുരേന്ദ്രന്‍, സിറ്റി എ.ആര്‍. ക്യാമ്ബ് റിസര്‍വ് ഇന്‍സ്‌പെക്ടര്‍ കെ.എം. ജോസഫ് എന്നിവരുള്‍പ്പെട്ട സംഘമാണ് ബീച്ചില്‍ പരിശോധന നടത്തിയത്.

Share news

Leave a Reply

Your email address will not be published. Required fields are marked *