കരുണ വന്ധ്യംകരണ യൂണിറ്റില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവം: യൂണിറ്റ് താത്കാലികമായി അടച്ചു

ബാലുശ്ശേരി: ഭക്ഷണവും വെള്ളവും കിട്ടാതെ വട്ടോളി ബസാറിലെ കരുണ വന്ധ്യംകരണ യൂണിറ്റില്‍ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ചത്ത സംഭവത്തെ തുടര്‍ന്ന് യൂണിറ്റ് താത്കാലികമായി അടച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എ.സി. മോഹന്‍ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് യൂണിറ്റ് അടച്ചത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമെ തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ കഴിയൂ എന്ന് മോഹന്‍ദാസ് അറിയിച്ചു.
പൂക്കോട് വെറ്ററിനറി കോളേജില്‍ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് തയ്യാറാക്കി വരുന്നതായി ഡോ. അജിത് ജേക്കബ് ജോര്‍ജ് അറിയിച്ചു. തെരുവുനായകള്‍ കൂട്ടത്തോടെ ചത്ത സംഭവത്തില്‍ ‘ജീവ സ്നേഹി’ നവമാധ്യമ കൂട്ടായ്മയുടെ നേതൃത്വത്തില്‍ വടകര എസ്.പി. ഓഫീസില്‍ പരാതി നല്കി. ജീവികള്ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമം ചുമത്തി കുറ്റക്കാര്‍ക്കെതിരേ നടപടി കൈക്കൊള്ളണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടു.

