പിഷാരികാവില്‍ നാളെ വലിയവിളക്ക്

കൊയിലാണ്ടി; കൊല്ലം ശ്രീ പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊയിലാണ്ടിയും പരിസര പ്രദേശങ്ങളും ഇന്നുമുതല്‍ ഉത്സവലഹരിയിലേക്ക്. ഇന്നലെ പ്രശസ്ത സംഗീത സംവിധായകന് ശരത് അവതരിപ്പിച്ച സംഗീതകച്ചേരി ആസ്വദിക്കാന്‍ ആയിരങ്ങള്‍ കാവിലേക്ക് ഒഴുകിയെത്തിയിരുന്നു. കൂടാതെ സദനം രാമകൃഷ്ണന്റെ തായമ്പകയും നടന്നു.
ഇന്ന് കാലത്ത് കാഴ്ചശീവേലിക്ക് ശേഷം കാളിയാട്ടമഹോത്സവത്തിന് അനുവാദം തേടി കോമത്ത് പോക്ക് ചടങ്ങോടുകൂടി പിഷാരികാവ് പരിസരം പരിപൂര്‍ണ്ണമായും ഉത്സവലഹരിയിലമരും. വൈകീട്ട് നടക്കുന്ന കാഴ്ച ശീവേലിയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അരങ്ങേറുന്നതോടെ മേളാസ്വാദകര്‍ കാളിയാട്ടം കഴിയുന്നത് വരെ ക്ഷേത്രത്തില്‍ തമ്പടിക്കും.
രാത്രി കാഞ്ഞിലശ്ശേരി പത്മനാഭനും സംഘവും അവതരിപ്പിക്കുന്ന തായമ്പകയും പ്രശസ്ത പിന്നണി ഗായകന് നിഖില്‍രാജും, മഞ്ജുഷയും നയിക്കുന്ന ഗാനമേളയും നടക്കും. നാളെയാണ് പ്രധാന ദിവസമായ വലിയ വിളക്ക്.
