KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചു. ആലപ്പുഴ, കണ്ണൂര്‍, ഇടുക്കി, കാസര്‍ഗോഡ്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, വയനാട് ജില്ലകളെയാണ് വരള്‍ച്ചാബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. അതോറിറ്റി യോഗത്തില്‍ ചെയര്‍മാന്‍കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷനായിരുന്നു.

റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍, ചീഫ് സെക്രട്ടറി പോള്‍ ആന്റണി, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്‌. കുര്യന്‍, അതോറിറ്റി മെമ്ബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു. മഴയുടെ കുറവ്, ഉപരിതല ജലത്തിന്റെയും ഭൂജലത്തിന്റെയും ലഭ്യതക്കുറവ്, ഉപ്പുവെള്ളത്തിന്റെ കടുകയറ്റം മുതലായ സൂചികകള്‍ കണക്കിലെടുത്താണ് 9 ജില്ലകളെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2017ലെ വടക്ക് കിഴക്കന്‍ കാലവര്‍ഷത്തില്‍ (ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ) ഈ ജില്ലകളില്‍ മഴയുടെ അളവില്‍ കാര്യമായ കുറവ് വന്നിട്ടുണ്ട്. ഈ ജില്ലകളില്‍ കടുത്ത കുടിവെള്ളക്ഷാമം ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുറിയിപ്പ് നല്‍കിയിട്ടുമുണ്ട്. ഇടുക്കി ജില്ലയില്‍ നിലവില്‍ വരള്‍ച്ചാ സാഹചര്യമില്ല. എന്നാല്‍ മലയോരമേഖലകളിലെ പ്രധാന ജലസ്രോതസ്സുകളായ നീര്‍ച്ചാലുകള്‍ വേനല്‍ കടുക്കുമ്ബോള്‍ വറ്റുകയും ശുദ്ധജലം കണ്ടെത്താന്‍ ജനങ്ങള്‍ ബുദ്ധിമുട്ടുകയും ചെയ്യും. ഇത് പരിഗണിച്ചാണ് ഇടുക്കി ജില്ലയെ വരള്‍ച്ചാബാധിതമായി പ്രഖ്യാപിച്ചത്.

Advertisements

വരള്‍ച്ചാബാധിത ജില്ലകളില്‍ കുടിവെള്ള വിതരണത്തിന് അടിയന്തര നടപടികള്‍ ഉണ്ടാകും. ടാങ്കറുകള്‍ ഉപയോഗിച്ച്‌ വാട്ടര്‍ കിയോസ്‌ക്കുകളില്‍ വെള്ളം എത്തിക്കും. കുടിവെള്ളം എത്തിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് അനുവദിച്ച പണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സംസ്ഥാന ദുരന്തപ്രതികരണ നിധിയില്‍ നിന്നും പണം ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *