പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു

പാലക്കാട്: പാലക്കാട് കഞ്ചിക്കോട് ട്രെയിൻ തട്ടി കാട്ടാന ചരിഞ്ഞു. മലമ്പുഴ കൊട്ടേക്കാട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് കാട്ടാനക്കൂട്ടം റെയിൽവേ ട്രാക്ക് കുറുകെ കടക്കുന്നതിനിടെയാണ് കൂട്ടത്തിലുള്ള പിടിയാനയെ ട്രെയിൻ തട്ടിയത്. പാലക്കാട് കോയമ്പത്തൂർ പാതയിൽ കഞ്ചിക്കോട് പന്നിമടയ്ക്ക് സമീപം ഇന്നലെരാത്രി 12 മണിക്കായിരുന്നു അപകടം. തിരുവനന്തപുരം- ചെന്നൈ എക്സ്പ്രസ് ആണ് ആനയെ ഇടിച്ചത്. ആനയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു.

ട്രാക്കിനു സമീപമുള്ള താഴ്ചയിലേക്കാണ് ആന ഇടിയേറ്റുവീണത്. വിവരമറിഞ്ഞ് വനപാലകരെത്തി പ്രഥമശുശ്രൂഷ നൽകിയെങ്കിലും പുലർച്ചെ 2 മണിയോടെ ചരിഞ്ഞു.അപകടത്തെത്തുടർന്ന് ട്രെയിൻ 20 മിനിറ്റോളം പിടിച്ചിട്ടു. വാളയാർ കഞ്ചിക്കോട് റൂട്ടിൽ ഒരു മാസത്തിനിടെ രണ്ടാമത്തെ അപകടമാണിത്. കഴിഞ്ഞമാസം ഈ ഭാഗത്ത് മറ്റൊരു കാട്ടാന തീവണ്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരിക്കെ ചരിഞ്ഞിരുന്നു.

