ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നല്കി.. ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു
കൊയിലാണ്ടി: ഈ പൂക്കൾക്ക് എന്ത് സുഗന്ധം. ഒരു പൂ ചോദിച്ചപ്പോൾ പൂക്കാലം തന്നെ നല്കി.. ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു.. മാരി ഗോൾഡ് എഫ്.ഐ ജി സംഘം. അത്തപ്പൂക്കളമൊരുക്കാൻ പുളിയഞ്ചേരിയിലെ അയ്യപ്പാരി ക്ലസ്റ്ററിൽ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ട് മല്ലികൾ ഒരുങ്ങി കഴിഞ്ഞു. നഗരസഭ, കൃഷിഭവൻ, ആത്മ കോഴിക്കോടിൻ്റെ നേതൃത്വത്തിലാണ് കൃഷി ആരംഭിച്ചത്. തൈകൾ കൊയിലാണ്ടി നഗരസഭ കൃഷിഭവനാണ് എത്തിച്ച് നല്കിയത്.

സംഘാംഗങ്ങൾ ആയിരം രൂപയെടുത്താണ് ഇതിനുള്ള ചെലവ് കണ്ടെത്തിയത്. ചെടിയുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും കൃഷിഓഫീസർ വിദ്യ. പി നേരിട്ടെത്തി ആവശ്യമായ നിർദ്ദേശങ്ങൾ നല്കി കൊണ്ടിരുന്നു. സ്ഥലം പാട്ടത്തിനെടുത്താണ് കൃഷി ആരംഭിച്ചത്. തൊട്ടടുത്ത വീട്ടിൽ നിന്ന് വെള്ളവും എത്തിക്കുന്നു. ചെണ്ട് മല്ലി കൃഷിക്ക് സൂക്ഷ്മമായ പരിചരണം ആവശ്യമാണ്. നല്ല നീർവാഴ്ചയുള്ള സ്ഥലവുമായിരിക്കണം. കൃഷിക്കിടെ ചെറിയ ശതമാനം ചെടികൾ നശിച്ചുപോയതായും സംഘം പ്രവർത്തകർ പറഞ്ഞു. രണ്ട് മാസം കൊണ്ട് വിളവെടുക്കാൻ കഴിയും.
പൂക്കളായതോടെ കാണാനും പകർത്താനും നിരവധിപേരാണ് ഇവിടെ എത്തുന്നത്. പരമ്പരാഗതമായ കൃഷിക്ക് പുറമെ ഇത്തരം പൂകൃഷികൾക്കും വലിയ സാധ്യതയുണ്ടെന്ന് വാർഡ് സ്കൗൺസിലറായ വലിയാട്ടിൽ രമേശൻ പറഞ്ഞു. വാണിജ്യാടിസ്ഥാനത്തിൽ പൂ കൃഷി നടത്താൻ നഗരസഭ ഒപ്പമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ആദ്യ വിളവെടുപ്പ് ശനിയാഴ്ചനടക്കും.
വിളവെടുപ്പ് ഉത്സവം എം.എൽ എ കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർ പേഴ്സൺ സുധ കിഴക്കെപ്പാട്ട് അദ്ധ്യഷത വഹിക്കും. പ്രശസ്ത സിനിമാ നിർമ്മാതാവ് രജീഷ് അയ്യപ്പൻ മുഖ്യാതിഥിയായിരിക്കും. വിളവെടുത്തതിന് ശേഷം സ്കൂൾ, കോളേജ്, കുടുംബശ്രീ എന്നിവിടങ്ങളിൽ വിപണനത്തിനെത്തിക്കും. ഇതിന് പുറമെ 1500 സൂര്യകാന്തി തൈകളും നഴ്സറിയിൽ വ ളരുന്നുണ്ട്.
പൂച്ചെടികൾ കൂടാതെ പച്ചക്കറി കൃഷിയിലേക്കും സംഘം ചുവടുറപ്പിച്ചുകഴിഞ്ഞിട്ടുണ്ട്. സർക്കാറിന്റെ സാമ്പത്തിക സഹായം ലഭ്യാമായാൽ കൂടുതൽ കരുത്തേോടെ മുന്നോട്ട് പോകാനാകുമെന്ന് സംഘത്തിൻ്റെ പ്രതീക്ഷ.
