KOYILANDY DIARY.COM

The Perfect News Portal

കർഷകന് നാലുലക്ഷത്തിന്റെ നഷ്‌ടം; ടവര്‍ ലൈനിന് കീഴിലെ കുലച്ച വാഴകള്‍ കെഎസ്ഇബി വെട്ടി

തൃശൂർ: കവളങ്ങാട് വാരപ്പെട്ടിയിൽ ഓണത്തിന്‌ വിളവെടുക്കാൻ പാകമായ 406 നേന്ത്രവാഴകൾ കെഎസ്‌ഇബി അധികൃതർ വെട്ടിനശിപ്പിച്ചു. 220 കെവി ടവർ ലൈനിന്റെ അടിയിൽ നിന്ന ഇളങ്ങവം കാവുംപുറം അനീഷ് തോമസിന്റെ കുലച്ച വാഴകളാണ്‌ വെട്ടിമാറ്റിയത്‌. സംഭവത്തിൽ വെെദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി കെഎസ്ഇബിയോട് വിശദീകരണം തേടി.

ആയിരം വാഴകളാണ്‌ അനീഷ്‌ കൃഷി ചെയ്‌തത്‌. ഇതിൽ കുലച്ച 406 വാഴകളാണ് അധികൃതർ വെള്ളിയാഴ്‌ച വെട്ടിമാറ്റിയത്. ഞായറാഴ്‌ച കൃഷിയിടത്തിൽ എത്തിയപ്പോഴാണ്‌ വാഴകൾ വെട്ടിക്കളഞ്ഞത്‌ കണ്ടതെന്ന്‌ അനീഷ്‌ പറഞ്ഞു. മുൻകൂട്ടി നോട്ടീസ്‌ നൽകാതെയാണ്‌ വാഴ വെട്ടിയതെന്നും അദ്ദേഹം പറഞ്ഞു. നാലുലക്ഷത്തിന്റെ നഷ്ടമുണ്ടെന്നാണ് പ്രാഥമികനിഗമനം. വിവിധയിടങ്ങളിൽനിന്ന്‌ വായ്‌പയെടുത്തായിരുന്നു അനീഷ്‌ കൃഷിയിറക്കിയത്‌.

 

എന്നാൽ, ടവർ ലൈന്റെ അടിയിൽ ഇത്തരം കൃഷി നടത്താൻ അനുവാദമില്ലെന്നും സ്വർണമുഖി ഇനത്തിലുള്ള പൊക്കംവയ്‌ക്കുന്ന തരത്തിലുള്ള വാഴയാണ് കൃഷി ചെയ്തതെന്നും കെഎസ്‌ഇബി അധികൃതർ പറഞ്ഞു. ഇത് ലൈനിലേക്ക് പടർന്ന്‌ പലപ്പോഴും തീപിടിത്തമുണ്ടായിട്ടുണ്ടെന്നും വൈദ്യുതി ഷോർട്ട്‌ സർക്യൂട്ടിന് സാധ്യതയുള്ളതിനാലാണ്‌ വാഴകൾ വെട്ടിയതെന്നുമാണ്‌ അധികൃതരുടെ വിശദീകരണം.

Advertisements

 

 

Share news