KOYILANDY DIARY.COM

The Perfect News Portal

മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നത്; അരുന്ധതി റോയ്

തൃശൂർ: മണിപ്പുരിൽ ആഭ്യന്തര കലാപമല്ല, വംശീയ ഉന്മൂലനമാണ് നടക്കുന്നതെന്ന് അരുന്ധതി റോയ്. പാവപ്പെട്ട മനുഷ്യർ കൊല്ലപ്പെടുകയും സ്‌ത്രീകൾ തെരുവിൽ പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറുകയാണെന്ന്‌ എഴുത്തുകാരി അരുന്ധതി റോയ്. നവമലയാളി സാംസ്കാരിക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ‌.

മണിപ്പുരിന്‌ പുറമെ ഹരിയാനയിലും ഒരു വിഭാഗം ജനങ്ങൾ കൊല്ലപ്പെടുന്നു, വൈകാതെ മറ്റ്‌ സംസ്ഥാനങ്ങളിൽ ഓരോന്നായി കലാപം പടരും. രാജ്യം കത്തിയെരിയുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി ചിത്രത്തിലെങ്ങുമില്ല. ജനങ്ങൾക്കുവേണ്ടി നിലകൊള്ളാതെ നിശബ്‌ദത പാലിക്കുകയാണ്‌ പ്രധാനമന്ത്രി ചെയ്യുന്നതെന്നും അവർ പറഞ്ഞു.

 

കേരളത്തിലെ ജനങ്ങൾക്ക്‌ ലഭിക്കുന്ന സുരക്ഷിതത്വം മറ്റു സംസ്ഥാനങ്ങളിൽ ലഭിക്കുന്നില്ലെന്നത്‌ യാഥാർത്ഥ്യമാണ്‌. മണിപ്പുരിൽ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ ഇന്നും വ്യക്തമല്ല. ഇന്റർനെറ്റും മറ്റ്‌ ആശയവിനിമയ സാധ്യതകളെല്ലാം വിച്ഛേദിച്ചുകൊണ്ട്‌ അവിടത്തെ ജനങ്ങളെ നിരന്തരം വേട്ടയാടുകയാണ്‌. രാഷ്ട്രീയബോധം കൊണ്ടും വൈജ്ഞാനികവളർച്ച കൊണ്ടും മുന്നിൽ നിൽക്കുന്ന കേരളത്തിന് കൂടുതൽ ചുമതലകൾ ഉണ്ട്. മണിപ്പുരിൽ സഹായങ്ങൾ എത്തിക്കാൻ കേരളത്തിന്‌ കഴിയണമെന്നും അവർ പറഞ്ഞു.

Advertisements

 

ട്രെയിനിൽ മോദിക്ക്‌ വേണ്ടി ജയ്‌ വിളിച്ചുകൊണ്ട്‌ മുസ്ലിങ്ങൾക്കുനേരെ വെടിയുതിർക്കുകയാണ്‌ ഹിന്ദുത്വ തീവ്രവാദികൾ. മുസ്ലീം ആണെങ്കിൽ  കൊല്ലപ്പെടണമെന്നും സ്‌ത്രീയാണെങ്കിൽ പീഡിപ്പിക്കപ്പെടേണ്ടതാണുമെന്നാണ്‌ ഇവരുടെ മനോഭാവം. രാജ്യം ലോകത്തിന്‌ മുന്നിൽ തല കുനിക്കേണ്ട അവസ്ഥയിലൂടെയാണ്‌ കടന്നുപോകുന്നത്‌. രാജ്യം ഒറ്റക്കെട്ടായിനിന്നുകൊണ്ട്‌ ഇതിനെതിരെ പോരാടണമെന്നും അരുന്ധതി റോയി കൂട്ടിച്ചേർത്തു.

 

ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം ഡോ. ജെ ദേവിക അരുന്ധതി റോയിക്ക്‌ സമ്മാനിച്ചു. അവാർഡ് തുക സാമൂഹികമാറ്റങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന ട്രസ്റ്റിലേക്ക്‌ കൈമാറുമെന്ന്‌ അരുന്ധതിറോയി പറഞ്ഞു. കവി പി എൻ ഗോപീകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നവമലയാളി ചീഫ് എഡിറ്റർ ടി ടി ശ്രീകുമാർ, സമീറ നസീർ, സോണി വേലൂക്കാരൻ എന്നിവർ സംസാരിച്ചു.

 

Share news