KOYILANDY DIARY.COM

The Perfect News Portal

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു

നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു. സിനിമാതാരവും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധി വാഹനാപകടത്തില്‍ മരിച്ചു. പുലര്‍ച്ചെ നാലരയോടെ തൃശ്ശൂര്‍ കയ്പ്പമംഗലം പനമ്പിക്കുന്നില്‍ വച്ചായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ച കാര്‍ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂര്‍ എ.ആര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് എന്നിവരും ഇദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. പരിക്കേറ്റ ഇവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിരവധി വര്‍ഷങ്ങളായി ഹാസ്യ രംഗത്ത് സുധി കൊല്ലം സജീവ സാന്നിധ്യമായിരുന്നു. 2015ല്‍ കാന്താരി എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വെള്ളിത്തിരയിലെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, കുട്ടനാടന്‍ മാര്‍പ്പാപ്പ, തീറ്റ റപ്പായി, കേശു ഈ വീടിന്റെ നാഥന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ഫ്ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലൂടെ സുധി കുടുംബപ്രേക്ഷകരുടെ പ്രിയ താരമായി.

Advertisements
Share news