KOYILANDY DIARY.COM

The Perfect News Portal

ട്രെയിനിൽ തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് പോലീസ്

കോഴിക്കോട്: ട്രെയിനിൽ തീയിട്ട സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പുറത്തുവിട്ട സിസിടിവി  ദൃശ്യങ്ങളിലുള്ളയാള്‍ അക്രമിയല്ലെന്ന് പോലീസ്. ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത് കാപ്പാട് സ്വദേശിയായ വിദ്യാര്‍ഥിയാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി പരിസരവാസികള്‍ നല്‍കിയ വിവരങ്ങളിൽ നിന്നാണ് ഇയാളെ പ്രതിയായി സംശയിച്ചത്.

സംഭവത്തില്‍ ട്രെയിനില്‍ ഉണ്ടായിരുന്ന ദൃക്‌സാക്ഷി റാഷിക് നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രതിയുടെ രേഖാചിത്രം പോലീസ് പുറത്ത് വിട്ടിട്ടുണ്ട്. രേഖാ ചിത്രത്തിൻ്റെ അടിസ്ഥാനത്തിൽ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 112 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കണമെന്നും പോലീസ് പറഞ്ഞു.

സംഭവത്തില്‍ പ്രതിയെ കണ്ടെത്താനായി കേരളാ പോലീസിൻ്റെയും റെയില്‍വേ പോലീസിൻ്റെയും  സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്. ട്രെയിനില്‍ തീവെപ്പ്, വധശ്രമം തുടങ്ങിയ
വകുപ്പുകള്‍ ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്ക് മാവോയിസ്റ്റ് – തീവ്രവാദ ബന്ധമുണ്ടോയെന്ന സംശയവും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുണ്ട്. സാഹചര്യത്തെളിവുകള്‍ പ്രകാരം കൃത്യം പെട്ടെന്നുള്ള പ്രകോപനത്തില്‍ ചെയ്തതല്ല മറിച്ച് ആസൂത്രിതമാണ് എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Advertisements

ഇയാള്‍ ഉത്തരേന്ത്യക്കാരനാണോയെന്ന സംശയവും പോലീസിനുണ്ട്. ടിക്കറ്റ് എടുക്കാതെ ട്രെയിനില്‍ കയറിയ അക്രമി എവിടെ നിന്നാണ് ട്രെയിനില്‍ കയറിയതെന്ന് കണ്ടെത്താന്‍ റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് അന്വേഷണവും ഊര്‍ജിതമാക്കിയിട്ടുണ്ട്. പെട്രോള്‍ പമ്പുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.

Share news