KOYILANDY DIARY.COM

The Perfect News Portal

രണ്ടു കണ്ടെയ്നര്‍ നിറയെ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച മീന്‍ പിടികൂടി

എറണാകുളം: മരടില്‍ രണ്ടു കണ്ടെയ്നര്‍ നിറയെ ചീഞ്ഞളിഞ്ഞ് പുഴുവരിച്ച മീന്‍ പിടികൂടി.  ആന്ധ്രാപ്രദേശില്‍ നിന്നെത്തിച്ച രണ്ട് ലോഡ് മീനുകള്‍ പുഴുവരിച്ച നിലയിലാണ് കണ്ടെത്തിയത്. ദുര്‍ഗന്ധത്തെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം നഗരസഭ അധികൃതരെ അറിയിക്കുകയായിരുന്നു.

ആദ്യത്തെ കണ്ടെയ്നര്‍ തുറന്നപ്പോള്‍ ആകെ പുഴുവരിച്ച മീനായിരുന്നു ഉണ്ടായിരുന്നത്. രണ്ടാമത്തെ കണ്ടെയ്നറില്‍നിന്നാണ് ചീഞ്ഞതും പുഴുവരിച്ചതുമായ മീന്‍ കണ്ടെത്തിയത്.  ഇന്ന് രാവിലെയും കണ്ടെയ്നറില്‍ നിന്ന് മീന്‍ വില്‍പ്പനയാക്കായി കൊണ്ടുപോയതായി നാട്ടുകാര്‍ പറയുന്നു.

വിവരം നാട്ടുകാര്‍ നഗരസഭയെ  അറിയിക്കുകയായിരുന്നെന്ന് മരട് നഗരസഭ ചെയര്‍മാന്‍ പറഞ്ഞു. തുടര്‍ന്ന് മരട് നഗരസഭാ ആരോഗ്യവകുപ്പും, ഭക്ഷ്യ സുരക്ഷാ വിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തി. പ്രാഥമിക പരിശോധനയില്‍ തന്നെ ചീഞ്ഞ മീനുകളാണെന്ന് കണ്ടെത്തിയതായി നഗരസഭാ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒരു കണ്ടെയ്നറിലെ മുഴുവന്‍ ലോഡ് മീനും നശിപ്പിക്കാനും അധികൃതര്‍ നിര്‍ദേശം നല്‍കി.

Advertisements

മീന്‍ സൂക്ഷിച്ചിരുന്ന രണ്ടു വാഹനത്തിലും ഡ്രൈവര്‍മാരെയോ മറ്റ് ജീവനക്കാരെയോ ഉണ്ടായിരുന്നില്ല. തുറക്കാവുന്ന വിധത്തിലായിരുന്നു ഇവയുടെ വാതിലുകള്‍. അതിനാലാണ് ഉദ്യോഗസ്ഥര്‍ക്ക് കണ്ടെയ്നര്‍ തുറക്കാനും മീന്‍ പുറത്തെടുക്കാനും കഴിഞ്ഞത്.

Share news