KOYILANDY DIARY

The Perfect News Portal

പേരാമ്പ്രയിൽ ലഹരി വിൽപനയും ഉപയോഗവും വ്യാപകം. കർശന പരിശോധന.

പേരാമ്പ്രയിൽ ലഹരി വിൽപനയും ഉപയോഗവും വ്യാപകം. കർശന പരിശോധന. പേരാമ്പ്രയിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ  പൊലീസ് – എക്സൈസ് സംഘം നടത്തിയ സംയുക്ത റെയ്ഡിൽ 15 പേരെ ചോദ്യം ചെയ്യുകയും മുമ്പ് ലഹരികടത്ത് കേസിൽ ഉൾപ്പെട്ട അഞ്ചു പേരെ  അറസ്റ്റു ചെയ്യുകയും ചെയ്തു.

ചോദ്യം ചെയ്ത 15 പേർക്കും ലഹരിയുമായി ബന്ധമുണ്ട്. സ്കൂൾ കോളജ് വിദ്യാർഥിനികൾക്ക് ഉൾപ്പെടെ ലഹരി വിൽപന നടത്തുന്നതായി പൊലീസിന് സൂചന ലഭിച്ചു. കഞ്ചാവ്, എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പുകൾ തുടങ്ങി എല്ലാ വിധ മയക്കുമരുമരുന്നുകളും സ്ഥിരമായി എത്തിക്കുന്ന വലിയ കണ്ണികൾ പേരാമ്പ്ര മേഖലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.

ഡോഗ് സ്ക്വാഡും പരിശോധനയിൽ പങ്കെടുത്തിരുന്നു. കഞ്ചാവ്, ബ്രൗൺഷുഗർ മറ്റ് എൻ.ഡി.പി.എസ് ഉൽപന്നങ്ങൾ എന്നിവ കണ്ടെത്താൻ പ്രത്യേക കഴിവുള്ള പ്രിൻസ് എന്ന പൊലീസ് നായയാണ് സ്ക്വാഡിലുള്ളത്. സംശയാസ്പദമായ ഉറവിടങ്ങളിലും സൂക്ഷിപ്പുകേന്ദ്രങ്ങളിലും വ്യക്തികളുടെ വീടുകളിലും കഴിഞ്ഞ നാലു ദിവസമായി റെയ്ഡ് തുടരുകയാണ്.

Advertisements

പേരാമ്പ്ര ബസ് സ്റ്റാൻഡ്, മത്സ്യ മാർക്കറ്റ് പരിസരം, കല്ലോട്, പാണ്ടിക്കോട്, ചാത്തോത്ത് താഴെ, നൊച്ചാട്, എരവട്ടൂർ, മേഞ്ഞാണ്യം, ചേർമല, പൊൻപറക്കുന്ന്, കൈപ്രം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പരിശോധന നടത്തി. പാണ്ടിക്കോട് നടത്തിയപരിശോധനയിൽ ലഹരിവസ്തുക്കൾ കടത്താൻ ഉപയോഗിക്കുന്നത് എന്ന് സംശയിക്കുന്ന ബൈക്ക് കണ്ടെത്തിയിട്ടുണ്ട്. അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടർ സജി അഗസ്റ്റിൻ നയിച്ച പൊലീസ് സംഘത്തിൽ സി.പി.ഒ മാരായ മണിലാൽ, വിജേഷ്, സജീവൻ എന്നിവരും എം.എസ്.പി സേനാംഗങ്ങളും ഉണ്ടായിരുന്നു. പ്രതീഷ്, ശ്യാം, മനോജ് എന്നിവരാണ് ഡോഗ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

സുരേഷ്, അനൂപ്, രാജീവൻ, അമ്മദ് എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. ലഹരി മരുന്നിനെതിരെ വലിയ ജാഗ്രത പുലർത്തണമെന്നും മയക്കു മരുന്ന് വിൽപനക്കാരെയോ  ഉപയോഗിക്കുന്നവരെയോ സംബന്ധിച്ച് വിവരം ലഭിക്കുന്നവർ രഹസ്യാന്വേഷണ വിഭാഗത്തെയും പൊലീസ് – എക്സൈസ് അധികാരികളെയും രഹസ്യമായി വിവരങ്ങൾ അറിയിക്കണമെന്ന് ഇൻസ്പെക്ടർ ബിനു തോമസ് പറഞ്ഞു.