KOYILANDY DIARY.COM

The Perfect News Portal

വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവർക്ക് മാര്‍ച്ച് മാസം മുതല്‍ ക്ഷേമ പെന്‍ഷൻ കിട്ടില്ല

തിരുവനന്തപുരം: വരുമാന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്ത സാമൂഹിക സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കൾക്ക് അടുത്ത മാസം മുതൽ പെൻഷൻ ലഭിക്കുകയില്ല. ഈ മാസം 28 ആണ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിനുളള അവസാന തീയ്യതി. ഒരു ലക്ഷം രൂപ കുടുംബ വരുമാന പരിധി കര്‍ശനമാക്കാനും തീരുമാനമുണ്ട്. സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കുന്ന മുറയ്ക്ക് പ്രാദേശിക സര്‍ക്കാര്‍ സെക്രട്ടറി പെന്‍ഷന്‍ പുനസ്ഥാപിച്ചു നല്‍കുന്നതാണ്. എന്നാല്‍ വരുമാന സര്‍ട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്ത കാരണത്താല്‍ തടയപ്പെടുന്ന പെന്‍ഷന്‍ കുടിശ്ശികയ്ക്ക് ഗുണഭോക്താവിന് അര്‍ഹതയുണ്ടായിരിക്കില്ല.

കൈവശമുളള ഭൂമിയുടെ വിസ്തൃതി ഉള്‍പ്പെടെയുളള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഒട്ടേറെപ്പേരെ പദ്ധതിയില്‍ നിന്ന് ഒഴുവാക്കിയിരുന്നു. പല ഘട്ടങ്ങളായാണ് ഇത്തരക്കാരെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത്. സാമ്പത്തിക അരക്ഷിതാവസ്ഥ കാരണം ഏറ്റവും അര്‍ഹരായവരെ മാത്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തുക എന്നതാണ് സര്‍ക്കാരിൻ്റെ തീരുമാനം. പ്രതിമാസം 1600 രൂപ പെന്‍ഷന്‍ തുക ലഭിക്കുന്ന പദ്ധതിയാണിത്. നിലവില്‍ 52.21 ലക്ഷം പേര്‍ക്കാണ് പദ്ധതിയിലൂടെ പെന്‍ഷന്‍ ലഭിക്കുന്നത്. പെന്‍ഷന്‍ തുക കണ്ടെത്തുന്നതിനായി രണ്ട് രൂപ ഇന്ധന സെസ് ഏര്‍പ്പെടുത്തിയ തീരുമാനം വിവാദമായിരിക്കുന്ന സാഹചര്യത്തിലാണ് ഗുണഭോക്താക്കളുടെ എണ്ണം നിയന്ത്രിക്കാനുളള പുതിയ നീക്കം.

Share news