വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന ചലച്ചിത്ര അക്കാദമി ജൂലായ് 16, 17, 18 തീയതികളിൽ കോഴിക്കോട് വെച്ചാണ് ചലച്ചിത്രമേള നടക്കുന്നത്. എളമരം കരീം എം.പി. ഉദ്ഘാടനം ചെയ്തു. വനിതാ കമ്മിഷൻ അധ്യക്ഷ പി. സതീദേവി ഫെസ്റ്റിവൽ ലോഗോ പ്രകാശനം ചെയ്തു. കോഴിക്കോട് കൈരളി, ശ്രീ തിയേറ്ററുകളിലായി നടത്തുന്ന മേളയിൽ വനിതാസംവിധായകരുടെ 24 സിനിമകൾ പ്രദർശിപ്പിക്കുമെന്ന് അക്കാദമി ചെയർമാൻ രഞ്ജിത് അറിയിച്ചു.

അക്കാദമി സെക്രട്ടറി സി. അജോയ് സംഘാടകസമിതി പാനൽ അവതരിപ്പിച്ചു. മേയർ ഡോ. ബീനാ ഫിലിപ്പ് ചെയർപേഴ്സണും കുക്കു പരമേശ്വരൻ, അഞ്ജലി മേനോൻ എന്നിവർ വൈസ് ചെയർപേഴ്സൺമാരും സബ് കളക്ടർ ചെൽസ സിനി ജനറൽ കൺവീനറുമായ സംഘാടകസമിതിയുടെ ഭാഗമായി ഡെലിഗേറ്റ്, പ്രോഗ്രാം, പബ്ലിസിറ്റി, മീഡിയ കമ്മിറ്റികൾ രൂപവത്കരിച്ചു.


