ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു

എഴുത്തുകാരനും മാധ്യമപ്രവർത്തകനും ചലച്ചിത്ര പ്രവർത്തകനുമായ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി (86) അന്തരിച്ചു. അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഞായർ രാത്രി 10.45 നായിരുന്നു അന്ത്യം. പത്രപ്രവർത്തകൻ, തായമ്പക വിദ്ഗധൻ തുടങ്ങി അദ്ധേഹം വ്യക്തമുദ്ര പതിപ്പിച്ച മേഖലകൾ നിരവധി. ഭക്തിഗാനരചയിതാവ് എന്ന നിലയിലാണ് കൂടുതൽ ശ്രദ്ധേയനായത്. ചൊവ്വല്ലൂർ ‘അനുഗ്രഹം’ വീട്ടിലായിരുന്നു താമസം.

1936 സെപ്‌തംബർ 10-ന് ഗുരുവായൂരിനടുത്തുള്ള ചൊവ്വല്ലൂർ വാരിയത്ത് ശങ്കുണ്ണിവാരിയരുടെയും ചൊവ്വല്ലൂർ പാറുക്കുട്ടിവാരസ്യാരുടെയും മകനായാണ് ജനനം. ഇരിങ്ങപ്പുറം മാക്കുണ്ണി മെമ്മോറിയൽ സ്‌കൂൾ, മറ്റം സെന്റ് ഫ്രാൻസിസ് ഹൈസ്‌കൂൾ, തൃശൂർ ശ്രീകേരളവർമ കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം.


ജോസഫ് മുണ്ടശ്ശേരി നടത്തിയിരുന്ന നവജീവൻ പത്രത്തിൽ 1959-ൽ സബ് എഡിറ്ററായി ജോലി ആരംഭിച്ചു.1963-ൽ ഗുരുവായൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന സ്വതന്ത്രമണ്ഡപം എന്ന പത്രത്തിന്റെ എഡിറ്ററുമായി. 1966-ൽ മലയാള മനോരമയുടെ കോഴിക്കോട് യൂണിറ്റിൽ സബ് എഡിറ്ററായി ചേർന്നു. 2004-ൽ അസി. എഡിറ്ററായി വിരമിച്ചു.


