KOYILANDY DIARY.COM

The Perfect News Portal

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനം

കൊയിലാണ്ടിയിൽ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാനത്തില്‍ ജമീല എം.എല്‍.എ വിളിച്ചു ചേര്‍ത്ത കോവിഡ്  അവലോകന യോഗത്തിൽ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ തീരുമാനിച്ചു.  നിലവില്‍ കോഡിഡ് വ്യാപനതോത് അനുസരിച്ച് നിശ്ചയിച്ചിട്ടുള്ള മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അകത്തേക്കും പുറത്തേക്കുമുള്ള ജനങ്ങളുടെ സഞ്ചാരം പൂര്‍ണ്ണമായും നിയന്ത്രിക്കുവാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നടപടികള്‍ കര്‍ശനമാക്കാന്‍ തീരുമാനിച്ചു. 

വിവാഹങ്ങള്‍, മരണവീടുകള്‍ എന്നിവിടങ്ങളില്‍ മാനദണ്ഡപ്രകാരം അനുവദനീയമായതിലും കൂടുതല്‍ ജനങ്ങള്‍ ഒത്തുചേരുന്നത് കര്‍ശനമായും നിയന്ത്രിക്കും. ഇവിടങ്ങളില്‍ അച്ചടിച്ച ലഘുലേഖകള്‍ വിതരണം ചെയ്യുകയും നിരന്തര നിരീക്ഷണത്തിന് വിധേയമാക്കുകയും ചെയ്യും.  കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് വ്യാപനത്തിന്റെ രൂക്ഷതയും ജാഗ്രതപാലിക്കേണ്ടുന്നതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞുകൊണ്ട് എല്ലാ ദിവസവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മുന്‍കൈയ്യില്‍ അനൗണ്‍സ്മെന്റ് നടത്താന്‍ യോഗത്തില്‍ ധാരണയായി. 

പൊതു ടൂറിസ്റ്റ് കേന്ദ്രങ്ങള്‍, പൊതു പരിപാടികള്‍  എന്നിവിടങ്ങളില്‍ കോവിഡ് നിയന്ത്രണങ്ങള്‍  ഉറപ്പു വരുത്താനും തീരുമാനിച്ചു.    കണ്ടെയ്ന്‍മെന്റ് സോണുകളിലെ കോവിഡ് നിയന്ത്രണ ലംഘനങ്ങള്‍ക്ക് ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ക്കും പോലീസിനും നിര്‍ദ്ദേശം നല്‍കി. യോഗത്തില്‍ എം.എല്‍.എ യെ കൂടാതെ കൊയിലാണ്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ.പി. സുധ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ സതി കിഴക്കയില്‍, ഷീബ മലയില്‍, ഡെപ്യൂട്ടി കലക്ടര്‍ അനിത, തഹസില്‍ദാര്‍ സി.പി മണി,  കൊയിലാണ്ടി സി.ഐ, എന്‍ സുനില്‍കുമാര്‍, പയ്യോളി എസ്.ഐ വി.പി അനില്‍കുമാര്‍, വാര്‍ഡ് അംഗങ്ങള്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements
Share news

Leave a Reply

Your email address will not be published. Required fields are marked *