ബൈക്ക് മോഷ്ടാക്കളായ യുവാക്കൾ പിടിയിൽ
കോഴിക്കോട്: വിലകൂടിയ ന്യൂജെന്‍ ബൈക്കുകള്‍ മോഷ്ടിച്ച് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്ന രണ്ടു യുവാക്കള്‍ പിടിയില്‍. ബന്ധുക്കളായ കുറ്റിക്കാട്ടൂര്‍ ഭൂമി ഇടിഞ്ഞ കുഴിയില്‍ സ്വദേശി അരുണ്‍ കുമാര്‍(22), ഇടുക്കി പെരീനം സ്വദേശി അജയ് (22) എന്നിവരെയാണ് ചേവായൂര്‍ പൊലീസും, സിറ്റി പരിധിയിലെ ലഹരി വിരുദ്ധ പ്രlത്യേകസേനയും (ഡന്‍സാഫ്) ചേര്‍ന്ന് പിടികൂടിയത്. കുന്ദമംഗലം ഭാഗത്തു നിന്ന് മോഷ്ടിച്ച ബൈക്ക് ഓടിച്ചു വരവെയാണ് വെള്ളിമാട്കുന്ന് പൂളക്കടവില്‍ നിന്ന് ചേവായൂര്‍ എസ്.ഐയായ എസ്.എസ്. ഷാൻ്റെ നേതൃത്വത്തിലുളള പൊലീസ് സംഘത്തിൻ്റെ മുന്നില്‍പെടുന്നത്. ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് രണ്ടുപേരുമെന്ന് പൊലീസ് പറഞ്ഞു. മോഷ്ടിച്ച വാഹനം നമ്പര്‍ മാറ്റാതെ ദിവസങ്ങളോളം ഉപയോഗിച്ച് ഉപേക്ഷിക്കുകയും പിന്നീട് മറ്റൊരു ബൈക്ക് മോഷ്ടിക്കുന്നതുമാണ് പ്രതികളുടെ ശൈലി.

രാത്രിയില്‍ പുറത്തിറങ്ങുന്ന പ്രതികള്‍ വീടുകളിലും മറ്റു പാര്‍ക്കിങ് സ്ഥലങ്ങളിലും കാണുന്ന വില കൂടിയ ന്യൂജന്‍ മോട്ടോര്‍ ബൈക്കുകള്‍ മോഷ്ടിക്കുകയായിരുന്നു പതിവ്. ഹാന്‍ഡ് ലോക്ക് തകര്‍ത്ത് വയര്‍ ഷോട്ടാക്കിയാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. മുക്കം, മെഡിക്കല്‍ കോളജ്,കുന്ദമംഗലം, ചേവായൂര്‍ പൊലീസ് സ്റ്റേഷന് പരിധികളില്‍ നിന്ന് നിരവധി ബൈക്കുകള്‍ അരുണും അജയും മോഷ്ടിച്ചതായി സമ്മതിച്ചു.

പെട്രോള്‍ തീര്‍ന്ന ബൈക്കുകള്‍ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കും. ചില വാഹനങ്ങള്‍ വിറ്റു. പ്രതികള്‍ വിറ്റതും ഉപേക്ഷിച്ചതുമായ വാഹനങ്ങള്‍ കണ്ടെടുക്കേണ്ടതുണ്ടെന്നും ചേവായൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രമോഹനന് പറഞ്ഞു. അടുത്ത കാലത്ത് കോഴിക്കോട് നഗരത്തില്‍ ബൈക്കുകള്‍ മോഷണം പോവുന്നത് വ്യാപകമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളജ് അസി.കമീഷണര്‍ കെ.സുദര്ശന് രാത്രിയില്‍ കര്‍ശന വാഹന പരിശോധനക്ക് നിര്‍ദേശം നല്‍കിയിരുന്നു.


ചേവായൂര്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍മാരായ എം. അഭിജിത്ത്, രഘുനാഥ്, സീനിയര്‍ സി.പി.ഒ സുമേഷ് നന്മണ്ട,സി.പി.ഒ ശ്രീരാഗ് ഡാന്‍സാഫ് സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ എം.സജി, സീനിയര്‍ സി.പി.ഒ മാരായ കെ.അഖിലേഷ്,കെ.എ. ജോമോന് സി.പി.ഒ എം.ജിനേഷ് എന്നിവരുള്‍പ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

