നിലാവ് പദ്ധതി ആരംഭിച്ചു: കൊയിലാണ്ടി ഇനി പ്രകാശപൂരിതമാകും

കൊയിലാണ്ടി: സ്ട്രീറ്റ് ലൈറ്റുകൾ LED ലൈറ്റുകളാക്കി മാറ്റുന്ന KSEB യുടെ സഹായത്തോടെ കേരള സർക്കാറിൻ്റെ പദ്ധതി പ്രകാരം കൊയിലാണ്ടി നഗരസഭ നടത്തുന്ന “നിലാവ് പദ്ധതി” ഉദ്ഘാടനം ചെയ്തു. നഗരസഭയിലെ 44 വാർഡുകളിലെയും ബൾബുകൾ ഇനി എൽ.ഇ.ഡി. ലൈറ്റുകളായി മാറും. കുറഞ്ഞ വൈദ്യുതി ചിലവിൽ കൂടുതൽ പ്രകാശം എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കൊയിലാണ്ടി നഗരസഭ ഇ.എം.എസ്. ടൌൺഹാളിൽ വെച്ച് നടന്ന പരിപാടിയുടെ ഉദ്ഘാടം നഗരസഭ ചെയർപേഴ്സൺ കെ. പി. സുധ നിർവ്വഹിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു നടന്ന ചടങ്ങിൽ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ അദ്ധ്യക്ഷതവഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൻമാരായ കെ.ഇ. ഇന്ദിര, സി.പ്രജില, കൗൺസിൽ പാർട്ടി ലീഡർമാരായ രത്നവല്ലി ടീച്ചർ, വി.പി. ഇബ്രാഹിംകുട്ടി, കെ.കെ. വൈശാഖ്, മുൻസിപ്പൽ എൻജിനിയർ എൻ.ടി അരവിന്ദൻ, കെ.എസ് ഇ ബി. എൻജിനിയർ കെ.എസ്. പ്രദീപ്, എന്നിവർ സംസാരിച്ചു. പൊതുമരാമത്ത് സ്റ്റാന്റി ഗ് കമ്മറ്റി ചെയർമാൻ ഇ.കെ. അജിത് സ്വാഗതവും മുൻസിപ്പൽ സെക്രട്ടറി എൻ. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.


