KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി താലൂക്ക് ആശുപത്രി പുതിയ ബ്ലോക്ക് നിർമ്മാണം ടെണ്ടർ ചെയ്തു

കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിൽ മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ (9 നില കെട്ടിടം) ആദ്യഘട്ടം നിർമ്മാണം ടെണ്ടർ ചെയ്തതായി കെ. ദാസൻ എം.എൽ.എ അറിയിച്ചു. കിഫ്ബി യിൽ നിന്നും അനുവദിച്ച 24 കോടി രൂപയാണ് ആദ്യഘട്ടത്തിന് വിനിയോഗിക്കുന്നത്.  ഇപ്പോഴത്തെ 5 നില കെട്ടിടത്തിന് വടക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ചെറുതും വലുതുമായ എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പദ്ധതിയുടെ കൺസൾട്ടൻസിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനം വാപ്കോസ് ആണ് പ്രവൃത്തി ടെണ്ടർ ചെയ്തത്. ഫെബ്രുവരി 8 വരെയാണ് ടെണ്ടർ കാലാവധി.  8 ന് ശേഷം ടെണ്ടർ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 

ഗ്രൗണ്ട് ഫ്ലോർ നിർമ്മാണം കൂടാതെ ഒന്നും രണ്ടും നിലകൾ കൂടി ആദ്യഘട്ടത്തിൽ നിർമ്മിക്കും. ആകെ 5685 സ്ക്വയർ മീറ്റർ വിസ്തൃതിയാണ് കെട്ടിടത്തിനുണ്ടാവുക.  ഗ്രൗണ്ട് ഫ്ളോറിൽ റിസപ്ഷൻ, ഓഫീസ്, ഫാർമസി, എല്ലാ വിഭാഗം സ്പെഷ്യാലിറ്റി ഒ.പി.കൾ, എക്സറേ, പോലീസ് ഇൻക്വസ്റ്റ് മുറി, മോർച്ചറി, ഇലക്ട്രിക്കൽ റൂം, സെക്യൂരിറ്റി റൂം, ഫയർ കൺട്രോൾ റൂം എന്നിവ സജ്ജീകരിക്കും. ഒന്നാമത്തെ നിലയിൽ ഗൈനക്കോളജി വിഭാഗം, ദന്തൽ വിഭാഗം, ഡോക്ടേഴ്സ് റൂം, കൗൺസിലിംഗ് റൂം, മെഡിക്കൽ റിക്കോർഡ് റൂം എന്നിവയുണ്ടാവും, രണ്ടാമത്തെ നിലയിൽ കഫ്റ്റീരിയ, ബ്ലഡ് സ്റ്റോറേജ് റൂം, വിവിധ ലാബുകൾ, വിവിധ ഐ.സി.യുകൾ എന്നിവയാണ് ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ ബയോഗ്യാസ് പ്ലാന്റ്, വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്, സെൻട്രലൈസ്ഡ് മെഡിക്കൽ ഗ്യാസ് സിസ്റ്റം എന്നിവയും ഒരുക്കും. ടെണ്ടർ നടപടികൾ പൂർത്തീകരിക്കുന്നതോടെ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനുള്ള നടപടികളിലേക്ക് കടക്കും.

Leave a Reply

Your email address will not be published. Required fields are marked *