കൊയിലാണ്ടി : ചേമഞ്ചേരി ഈസ്റ്റ് കുടിവെള്ള പദ്ധതി കെ. മുരളീധരൻ എം.പി ഉൽഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ചേമഞ്ചേരി ഈസ്റ്റ് കുടിവെള്ള പദ്ധതിക്ക് മുല്ലപ്പള്ളി രാമചന്ദ്രൻ എം.പിയുടെ പ്രാദേശിക വികസന ഫണ്ടും, പന്തലായനി ബ്ലോക്ക് പഞ്ചായത്തും, ഗ്രാമ പഞ്ചായത്തും അനുവദിച്ച ഫണ്ടും ചേര്‍ത്താണ് പദ്ധതി പൂര്‍ത്തീകരിച്ചത്.
40 കുടുംബങ്ങൾക്ക് പ്രയോജനപ്പെടുന്ന കുടിവെള്ള പദ്ധതി ഈ പ്രദേശത്തുകാരുടെ ദീർഘകാല ആവശ്യമായിരുന്നു. പദ്ധതിക്ക് സൗജന്യമായി സ്ഥലം വിട്ടുനൽകിയ ശാരദ, ഭാസ്കരൻ എന്നിവരെ എം.പി. പൊന്നാട നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം വി ജയൻ കണ്ണഞ്ചേരി അധ്യക്ഷത വഹിച്ചു. സി.എം.രാധാകൃഷ്ണൻ, ചേമഞ്ചേരി ഈസ്റ്റ് കുടിവെള്ള ഗുണഭോക്തൃസമിതി ചെയർമാൻ സി എം സത്യൻ, കൺവീനർ മനോജ് എരുക്കളകണ്ടി എന്നിവർ സംസാരിച്ചു. നൂറോളം സ്ത്രീ തൊഴിലാളികൾ ജോലി ചെയ്യുന്ന ചേമഞ്ചേരി ഖാദി നെയ്ത്കേന്ദ്രത്തിലേക്കും പദ്ധതിയിൽ നിന്നും കുടിവെള്ളം ലഭിക്കും.



 
                        



