KOYILANDY DIARY

The Perfect News Portal

ബത്തേരിക്ക് ഓണ സമ്മാനമായി മിനി ബൈപാസ് നാളെ തുറക്കും

ബത്തേരി: ബത്തേരിക്ക് ഓണ സമ്മാനമായി മിനി ബൈപാസ് ഞായറാഴ്ച നഗരസഭ തുറന്ന് കൊടുക്കും. നഗരവാസികളുടെ എക്കാലത്തെയും വലിയ ആഗ്രഹമാണ് മുപ്പത്തിയഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നഗരസഭ സഫലമാക്കുന്നത്. ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ബത്തേരി പഞ്ചായത്ത് രൂപം നല്‍കിയതാണ് കൈപ്പഞ്ചേരിയില്‍ നിന്നും തുടങ്ങി ചുള്ളിയോട് റോഡില്‍ അവസാനിക്കുന്ന 12 മീറ്റര്‍ വീതിയില്‍ 1.250 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ബൈപാസ്.

കൈപ്പഞ്ചേരിയില്‍ ആദ്യഘട്ടത്തില്‍ വിട്ടുകിട്ടിയ ഭാഗത്ത് 825 മീറ്റര്‍ റോഡ് നിര്‍മിച്ചെങ്കിലും ചുള്ളിയോട് റോഡിനോട് ബന്ധിപ്പിക്കുന്ന 400 മീറ്റര്‍ ഭാഗത്തെ സ്ഥലം വിട്ടുനല്‍കാന്‍ ഉടമകള്‍ തയാറാകാതെ വന്നതോടെയാണ് നിര്‍മാണം ഒന്നാം ഘട്ടത്തില്‍ തന്നെ മുടങ്ങിയത്. ബത്തേരി നഗരസഭ ആയതോടെ അധികാരം ഏറ്റെടുത്ത എല്‍ഡിഎഫ് ഭരണസമിതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നും മിനി ബൈപാസ് യാഥാര്‍ഥ്യമാക്കുക എന്നതായിരുന്നു. ഇതിനായി 1.75 കോടി ചെലവിട്ടാണ് സ്ഥലമുടമകളായ കക്കോടന്‍ കുടുംബാംഗങ്ങളായ ഷമീന, പ്രഷീന ശ്യാമില്‍ എന്നിവരും രമണി പ്രഭാകരനും സൗജന്യമായി വിട്ടുനല്‍കിയ ഭാഗത്ത് റോഡ് നിര്‍മിച്ചത്. കക്കോടന്‍ കുടുംബം ഒരേക്കര്‍ ഇരുപത്തിയഞ്ചും രമണി പ്രഭാകരന്‍ അഞ്ച് സെന്റുമാണ് എല്‍ഡിഎഫ് നേതാക്കള്‍ ഉള്‍പ്പെടെയുള്ള പൊതു പ്രവര്‍ത്തകരുമായി നിരവധി തവണ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ ബൈപാസ് യാഥാര്‍ഥ്യമാവാന്‍ വിട്ടു നല്‍കിയത്.

കല്‍പ്പറ്റ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിയാണ് രണ്ടാംഘട്ട നിര്‍മാണം ഏറ്റെടുത്ത് നടത്തിയത്. 18 ലക്ഷം ചെലവില്‍ ബൈപാസില്‍ തെരുവ് വിളക്കുകളും നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. മന്ത്രി എ സി മൊയ്തീനാണ് രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്.

Advertisements

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭയില്‍ എല്‍ഡിഎഫ് വോട്ടര്‍മാര്‍ക്ക് നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്നും പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന മിനി ബൈപാസ് യാഥാര്‍ഥ്യമാക്കും എന്നതായിരുന്നു. പകല്‍ 11ന് ബൈപാസ് ജങ്ഷനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ ടി എല്‍ സാബു ഉദ്ഘാടനം ചെയ്യും. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി കെ സഹദേവന്‍ അധ്യക്ഷനാവും. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ജിഷാ ഷാജി മുഖ്യപ്രഭാഷണം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *