തിരുവനന്തപുരം: സംസ്ഥാനത്തെ കള്ള് ഷാപ്പുകള്‍ നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനിരിക്കെ കൊവിഡും ദുരന്തങ്ങളും ഒഴിവാക്കാന്‍ എക്സൈസിനും പൊലീസിനും ജാഗ്രതാ നിര്‍ദേശം. കള്ള് വാങ്ങാനെത്തുന്ന കാരണത്താല്‍ കൊവിഡ് വ്യാപനം ഉണ്ടാകുന്നത് തടയുന്നതിനുള്ള ആരോഗ്യ സുരക്ഷാ മുന്‍കരുതലിനൊപ്പം, കള്ളില്‍ വീര്യം കൂട്ടാന്‍ സ്പിരിറ്റും മറ്റ് രാസവസ്തുക്കളും കലര്‍ത്തി വില്‍പ്പന നടത്തുന്നത് തടയാനും, ഷാപ്പുകളിലും പരിസരത്തും പരിശോധന കര്‍ശനമാക്കാനും പൊലീസ് എക്സൈസ് വകുപ്പുകള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
കൊവിഡ് ഭയന്ന് കള്ള് ഷാപ്പുകളില്‍ ഇരുന്ന് കുടിക്കാന്‍ അനുവാദമില്ല.കള്ള് ഷാപ്പുകളില്‍ ഭക്ഷണവിതരണവും പാടില്ല. കള്ള് വാങ്ങാനെത്തുന്നവര്‍ കുപ്പി കയ്യില്‍ കരുതണം.ഒരുസമയം അഞ്ചിലധികം പേരെ ഷാപ്പില്‍ പ്രവേശിപ്പിക്കില്ല.ഒന്നരലിറ്ററിലധികം കള്ള് ഒരാള്‍ക്ക് നല്‍കാനും പാടില്ല. വില്‍പ്പനയ്ക്ക് മുമ്ബും പിമ്ബും ഷാപ്പും പരിസരവും അണുവിമുക്തമാക്കുകയും, ജീവനക്കാര്‍ മാസ്കും കയ്യുറയും ധരിക്കുകയും വേണം.

ബിവറേജസ് മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കള്ളിന് ആവശ്യക്കാര്‍ കൂടാന്‍ സാദ്ധ്യതയുണ്ട്. ഡിമാന്‍ഡ് മുന്‍നിര്‍ത്തി വ്യാജക്കള്ളിന്റെ വിപണനത്തിന് അവസരമുണ്ടാകാത്ത വിധം പാലക്കാട് നിന്നെത്തുന്ന കള്ളിന്റെ വിപണനവും വിതരണവും എക്സൈസ് ഡെപ്യൂട്ടിക്കമ്മിഷണര്‍മാരുടെ പരിശോധനയ്ക്ക് വിധേയമായിരിക്കണമെന്നും എക്സൈസ് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.

കള്ളിന്റെ അളവും വീര്യവും സംബന്ധിച്ച് പരിശോധനകള്‍ ജില്ലാ അടിസ്ഥാനത്തില്‍ നടത്തേണ്ടതും, നിശ്ചിത റൂട്ടുകളില്‍ നിശ്ചയിച്ച വാഹനങ്ങളില്‍ തന്നെയാണ് കളള് എത്തിക്കുന്നതെന്ന് ഹൈവേ പൊലീസുള്‍പ്പെടെയുള്ള അധികൃതര്‍ പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്. പാലക്കാട് നിന്നെത്തുന്ന കള്ള് വണ്ടികളിലെ ഡ്രൈവറും ക്ലീനറും കൊവിഡ് പ്രതിരോധ മുന്‍ കരുതലുകള്‍ സ്വീകരിക്കണം. മാസ്കും കയ്യുറയും ഇവര്‍ക്കും നിര്‍ബന്ധമാണ്.

