സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു

പയ്യോളി: സുരേഷ് ചങ്ങാടത്ത് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കാലത്ത് 11 മണിക്കായിരുന്നു പഞ്ചായത്ത് ഓഫീസില് ചടങ്ങുകൾ സംഘടിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് സിപിഐഎം ജില്ലാകമ്മറ്റി യോഗം സുരേഷ് ചങ്ങാടത്തിനെ പ്രസിസണ്ട് സ്ഥാനത്തേക്ക് അവരോധിക്കാൻ തീരുമാനിച്ചത്. തുടർന്ന് തീരുമാനം കൊയിലാണ്ടി, പയ്യോളി, പേരാമ്പ്ര ഏരിയാ കമ്മറ്റി യോഗങ്ങളിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. കെ.പി. ഗോപാലൻ നായർ രാജിവെച്ചതിനെ തുടർന്നാണ് ബ്ലോക്ക് പഞ്ചായത്തിൽ പ്രതിസന്ധി ഉടലെടുത്തത്.

സിപിഐ(എം) പയ്യോളി ഏരിയാ കമ്മറ്റി അംഗമായ സുരേഷ് ചങ്ങാടത്ത് പലതവണയായി ജയിൽവാസം അമനുഭവിച്ചിട്ടുണ്ട്.എസ് എഫ് ഐ കോഴിക്കോട് ജില്ലാ ജോയിന്റ് സെകട്ടറി, ഡി വൈ എഫ് ഐ ജില്ലാ കമ്മറ്റി അംഗം എന്നീ നിലകളില് പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ കർഷക സംഘം പയ്യോളി ഏരിയാ സെകട്ടറിയായും ജില്ലാകമ്മറ്റി അംഗവുമായും പ്രവർത്തിക്കുന്നു. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനാണ് സുരേഷ്.


ഭാര്യ ടി ഷീബ, സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയും സിപിഐ (എം) പയ്യോളി ഏരിയാ കമ്മറ്റി അംഗവുമാണ്. മകൻ സരോദ് ചങ്ങാടത്ത് ബാലസംഘം സംസ്ഥാന സെക്രട്ടറിയാണ്. ബ്ലോക്ക് പഞ്ചായത്തിൽ ആകെ 13 അംഗങ്ങളാണുള്ളത്. ഇതിൽ ഇടതിന് ഒമ്പത് അംഗങ്ങളാണുള്ളത്. സിപിഐ(എം) ഏഴ്. ജനതാദൾ ഒന്ന്, സി പി ഐ ഒന്ന്, യു ഡി എഫിന് 4 എന്നിങ്ങനെയാണ് കക്ഷിനില.


